പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ പകർന്ന് പൊലീസ് സംഘം
text_fieldsകടയ്ക്കൽ: പെൺകുട്ടികൾക്കായുള്ള സ്വയം സുരക്ഷ പരിശീലന പരിപാടി റൂറൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ക്രൈം ബ്രാഞ്ചിൽ നിന്നുള്ള വനിത സെൽഫ് ഡിഫൻസ് ടീം അംഗങ്ങളുടെ നേതൃത്വത്തിൽ വയല എൻ.വി യു.പി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂളിലെ യു.പി വിഭാഗം കുട്ടികൾക്കാണ് പരിശീലനം നൽകിയത്. പെൺകുട്ടികൾ സാധാരണയായി നേരിടുന്ന അപകടങ്ങളെ കുറിച്ചുള്ള ബോധവൽക്കരണമാണ് പരിശീലനത്തിന്റെ ആദ്യ ഘട്ടം. തുടർന്ന് വ്യായാമ മുറകൾ സംബന്ധിച്ച് പരിശീലനം നൽകി. തുടർന്ന് അപകട സന്ദർഭങ്ങളിൽ രക്ഷനേടുന്നതിനായി കായിക പരിശീലനവും നടന്നു.
വനിത പൊലീസ് സേനയിൽ നിന്നുള്ള ഈ പ്രത്യേക പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പേടി കുറക്കുന്നതിനും സഹായകമായതായി സ്കൂൾ പ്രഥമാധ്യാപിക പി.ടി. ഷീജ പറഞ്ഞു. കൊട്ടാരക്കര ക്രൈം ബ്രാഞ്ചിലെ സെൽഫ് ഡിഫൻസ് സംഘാംഗങ്ങളായ എഫ്.ലീലാമ്മ, പി.കെ.സിന്ധു, പി.ആർ.ശ്രീജ, ഹസ്ന എന്നിവരാണ് പരിശീലനം നൽകിയത്. സ്കൂൾ പി.ടി.എ പ്രസിഡൻറ് ജി. രാമാനുജൻപിള്ള, അധ്യാപകരായ കെ.വി. മനു മോഹൻ, എബിൻ വർഗീസ്, ടി. സീമ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.