സേവനവഴിയിൽ ആയിരങ്ങളുടെ കണ്ണീരൊപ്പി ഈ കരങ്ങൾ
text_fieldsകടയ്ക്കൽ: കടയ്ക്കൽ താലൂക്കാശുപത്രിയിലെ സാന്ത്വനപരിചരണ യൂനിറ്റിന്റെ സ്വന്തം സിസ്റ്റർ മീനു ഇന്ന് രോഗികൾക്ക് മാലാഖയാണ്. ചടയമംഗലം നിയോജകമണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലായി ജീവിതത്തോട് മല്ലിടുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ കിളിമാനൂർ തൊളിക്കുഴിയിൽ ദക്ഷിണയിൽ എ.എസ്. മീനു (46) എന്ന ആരോഗ്യപ്രവർത്തക നടത്തുന്ന പരിശ്രമങ്ങൾ അത്രയേറെ മഹത്തരം.
ചുമരുകൾക്കുള്ളിൽ അടക്കപ്പെടുന്ന ജീവിതങ്ങൾക്ക് കരുണയുടെ കരങ്ങളാൽ കൈത്താങ്ങാകുകയാണ് ഈ നഴ്സിങ് ഓഫിസർ. ജില്ലയിൽ തന്നെ ഏറ്റവും മികച്ച സാന്ത്വനപരിചരണ യൂനിറ്റ് എന്ന പദവിയിലേക്ക് കടയ്ക്കൽ താലൂക്കാശുപത്രിയിലെ ജീവകാരുണ്യ യൂനിറ്റിനെ എത്തിക്കുന്നതിന് ആ കരങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
ജീവിതസ്വപ്നമായിരുന്ന അധ്യാപകജോലി യാഥാർഥ്യമായില്ലെങ്കിലും പിൽക്കാലത്ത് എത്തിചേർന്ന നഴ്സിങ് മേഖല സ്വപ്നതുല്യമാണ് മീനുവിന്. 2006ൽ സർക്കാർ സർവിസിൽ നഴ്സായി പ്രവേശിച്ച മീനു, പിന്നീട് സ്വന്തം ഇഷ്ടപ്രകാരം സാന്ത്വനപരിചരണത്തിൽ കോഴ്സ് ചെയ്യാൻ തീരുമാനിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. പരിശീലനം കഴിഞ്ഞ സമത്താണ് 2010 ൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സാന്ത്വനപരിചരണ വിഭാഗത്തിന് തുടക്കംകുറിച്ചത്. അന്ന് മുതൽ അതിന്റെ ഭാഗമായി.
ഇതിനിടെ 2015ൽ പ്രമോഷന്റെ ഭാഗമായി തലശ്ശേരി ജനറൽ ആശുപത്രിയിലും തുടർന്ന് 2016 നവംബർ വരെ ചിറയിൻകീഴ് ആശുപത്രിയിലും ജോലിയെടുത്ത കാലഘട്ടമൊഴിച്ച് സേവനകാലത്തിന്റെ ഓരോ നിമിഷവും മീനു മാറ്റിവെച്ചത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റിവ് രോഗികൾക്കൊപ്പമാണ്. ആശുപത്രിയിലെ സേവനത്തിനുശേഷം അഞ്ച് പഞ്ചായത്തുകളിലെ വിവിധ വീടുകളിലെ കിടക്കകളിൽ ജീവിതം തളക്കപ്പെട്ട നൂറുകണക്കിന് പേർക്കാണ് മീനുവും സഹപ്രവർത്തകരും ദിവസേന കൈത്താങ്ങാകുന്നത്.
പ്രതീക്ഷ നഷ്ടപ്പെട്ട ആയിരക്കണക്കിനുപേർക്ക് നിരന്തര കൗൺസലിങ്ങിലൂടെ സാന്ത്വനം പകർന്നത് കണ്ണീരോടെ മീനു ഓർക്കുന്നു. മേഖലയിൽ അർബുദബാധിതരുടെ എണ്ണം പെരുകുന്നു എന്ന കണക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാലയങ്ങളിലും മറ്റും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന ബോധവത്കരണ ക്ലാസുകളിൽ ഓടിയെത്താനും മറക്കാറില്ല. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് 2014ൽ വിജയമ്മ മെമ്മോറിയൽ അവാർഡ്, 2015ൽ ജീവകാരുണ്യ സേവന പുരസ്കാരം, 2018ൽ പി.കെ.വി സ്മൃതി പുരസ്കാരം, 2019 ൽ കെ.പി. കരുണാകരൻ ഫൗണ്ടേഷൻ അവാർഡ്, 2023 കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് അവാർഡ് എന്നിങ്ങനെ വിവിധ പുരസ്കാരങ്ങളാണ് മീനുവിനെ തേടിയെത്തിയത്. സാന്ത്വനപരിചരണമേഖലയിൽ സാക്ഷ്യംവഹിച്ച സങ്കടാനുഭവങ്ങളും ഒപ്പിയെടുത്ത ജീവിതക്ലേശങ്ങളും പങ്കുവെക്കുന്ന പുസ്തകം തയാറാക്കാനുള്ള ഒരുക്കത്തിലാണ് മീനു.
ഇതിനിടയിലും തുടർവിദ്യാഭ്യാസത്തിനായി സമയം കണ്ടെത്തി, കേരള യൂനിവേഴ്സിറ്റിയിൽ എം.എ സോഷ്യാളജി പഠിച്ചുവരുകയാണ്. സകല പ്രതീക്ഷകളും നഷ്ടപ്പെട്ടവരെ, ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ പഠിപ്പിക്കുകയും പ്രത്യാശപൂർവം ഓരോദിനവും സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സേവനവഴിയിലൂടെ മീനു മുന്നേറുമ്പോൾ ഭർത്താവ് ഷാജിയും മക്കളായ ദേവദത്തും ദക്ഷിണയും കരുത്തായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.