വിതുമ്പി നാട്; അവർ ഒരേ മണ്ണിലുറങ്ങി
text_fieldsകടയ്ക്കൽ: ആയിരങ്ങളുടെ സങ്കടങ്ങളെ സാക്ഷിനിർത്തി അവരിരുവരും ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞ ദിവസം പള്ളിക്കലാറിൽ മുങ്ങിമരിച്ച നവദമ്പതികളായ സിദ്ദീഖിന്റെയും (27) നൗഫിയ(20) യുടെയും മൃതദേഹങ്ങളാണ് കുമ്മിൾ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഞായറാഴ്ച വൈകീട്ടോടെ ഖബറടക്കിയത്.
കുമ്മിൾ ചോനാമുകളിൽ പുത്തൻവീട്ടിൽ അവർ ഇരുവരുടെയും വിവാഹത്തിന് ഒരുക്കിയ പന്തലുകൾ അഴിച്ചെങ്കിലും ആഘോഷങ്ങൾ കെട്ടടങ്ങിയിരുന്നില്ല. രണ്ടാഴ്ച മുമ്പ് നാടാകെ ഒഴുകിയെത്തിയ, വിവാഹപ്പന്തലിന്റെ സ്ഥാനത്ത് മരണപ്പന്തൽ കെട്ടേണ്ടതോർത്തു വിതുമ്പുകയാണ് നാടൊന്നാകെ. പരേതനായ ഇസ്ഹാക്കിന്റെയും ഹയറുന്നിസയുടെയും മൂത്ത മകൻ സിദ്ദീഖിന്റെയും ആയൂർ അർക്കന്നൂർ കാവതിയോട് പച്ചയിൽ വീട്ടിൽ നൗഷാദിന്റെയും നസീമയുടെയും മകളായ നൗഫിയയുടെയും വിവാഹം കഴിഞ്ഞ 16നായിരുന്നു.
വിവാഹം കഴിഞ്ഞ് ബന്ധുവീടുകൾ സന്ദർശിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പള്ളിക്കലിൽ നൗഫിയയുടെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിന് പോയപ്പോഴാണ് അപകടമുണ്ടായത്.
സമീപത്തുള്ള പുഴക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടിയിൽ കാൽവഴുതി ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ബന്ധു അൻസൽഖാൻ ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മുങ്ങിമരിച്ചു. അൻസൽ ഖാന്റെ മൃതദേഹം ശനിയാഴ്ച രാത്രിയോടെ കണ്ടെടുത്തെങ്കിലും സിദ്ദീഖിന്റെയും നൗഫിയയുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയോടെയാണ് കണ്ടെടുത്തത്. വിദേശത്തായിരുന്ന സിദ്ദീഖ് തന്റെയും സഹോദരൻ സാദിഖിന്റെയും വിവാഹത്തോടനുബന്ധിച്ച് ഒന്നര മാസം മുമ്പാണ് നാട്ടിലെത്തിയത്. സഹോദരൻ സാദിഖിന്റെ വിവാഹം മൂന്നാഴ്ച മുമ്പായിരുന്നു. സഹോദരന്റെ വിവാഹശേഷമായിരുന്നു സിദ്ദീഖിന്റെ വിവാഹം.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ നൗഫിയയുടെ വീട്ടിൽ കൊണ്ടുവന്ന ശേഷമാണ് കിഴുനിലയിലെ സിദ്ദീഖിന്റെ വീട്ടിൽ കൊണ്ടുവന്നത്.
ഇരുവീടുകളിലും കുടുംബങ്ങളെ ആശ്വസിപ്പിക്കാനാകാതെ വിങ്ങിപ്പൊട്ടുകയായിരുന്നു അന്ത്യയാത്രയയപ്പ് നൽകാനെത്തിയ ജനാവലിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.