കണ്ണനല്ലൂർ ജങ്ഷൻ വികസനം യാഥാർഥ്യത്തിലേക്ക്; നഷ്ടപരിഹാരവിതരണം ആറിന്
text_fieldsകണ്ണനല്ലൂർ: കണ്ണനല്ലൂർ ജങ്ഷൻ വികസനം യാഥാർഥ്യത്തിലേക്ക്. വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജുകളുടെ വിതരണവും ആറിന് ആരംഭിക്കും. 32 കോടി 89 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. 266 പേർക്കാണ് നഷ്ടപരിഹാരം നൽകുക. ഒരുമാസത്തിനുള്ളിൽതന്നെ വിതരണം പൂർത്തിയാക്കും. വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന കച്ചവടക്കാർ, തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാർ എന്നീ ഇനത്തിൽ 95 പേർക്കായി പുനരധിവാസ പാക്കേജായി 67,24,000 രൂപ വിതരണം ചെയ്യും.
എന്നാൽ, കച്ചവട സ്ഥാപനങ്ങൾ പൂർണമായോ ഭാഗികമായോ നഷ്ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിന് അഞ്ചുകോടി മുടക്കി ജങ്ഷനിൽ വ്യാപാരസമുച്ചയം നിർമിക്കുമെന്ന് അന്നത്തെ എം.എൽ.എയും മന്ത്രിയുമായിരുന്നെ ജെ. മേഴ്സിക്കുട്ടിയമ്മ കണ്ണനല്ലൂർ ജങ്ഷൻ വികസനത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ഇത് അടിയന്തരമായി നടപ്പാക്കണമെന്ന ആവശ്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ യൂനിറ്റ് രംഗത്തുവന്നിട്ടുണ്ട്. കൂടാതെ കച്ചവടസ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കുമുള്ള നഷ്ടപരിഹാരം എത്രയെന്ന് ഇതുവരെയും അറിയിച്ചിട്ടില്ലെന്ന പരാതിയുമുണ്ട്.
വ്യാപാരികൾക്കായി ഒരു ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുമ്പോൾ തങ്ങളുടെ വ്യാപാരസ്ഥാപനങ്ങൾ അങ്ങോട്ടേക്ക് മാറ്റാമെന്നാണ് വ്യാപാരികൾ കരുതിയിരുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം വരാത്തത് വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിലെ എം.എൽ.എ ഇതിനായി മുൻകൈയെടുക്കണമെന്നാണ് ആവശ്യം.
ഒരു ജങ്ഷന്റെ വികസനത്തിനായി 33 കോടിയോളം രൂപ ചെലവഴിക്കുന്നത് ജില്ലയിൽ ഇതാദ്യമായാണ്. നഷ്ടപരിഹാരത്തുക വിതരണം ചെയ്തുകഴിഞ്ഞാലുടൻ സ്ഥലം ഏറ്റെടുത്ത് പദ്ധതി നടത്തിപ്പ് ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറും.
അവരായിരിക്കും ഏറ്റെടുത്ത ഭൂമിക്കനുസരിച്ച് റോഡിന്റെയും ജങ്ഷന്റെയും രൂപരേഖ തയാറാക്കുകയെന്ന് കിഫ്ബി സ്പെഷൽ തഹസിൽദാർ ദ്വിദീപ് പറഞ്ഞു. ഈമാസം തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറും. സ്ഥലം ഏറ്റെടുപ്പിൽ കൂടുതൽ തുക ലഭിക്കുക കണ്ണനല്ലൂർ ജങ്ഷനിലുള്ള പബ്ലിക് ലൈബ്രറിക്കാണ്. 2.46 കോടി രൂപയാണ് ലഭിക്കുക.
ഇതുകൂടാതെ ലൈബ്രറിയിൽനിന്ന് ഏറ്റെടുത്ത ഒമ്പത് ചതുരശ്ര മീറ്റർ സ്ഥലത്തിന്റെ നഷ്ടപരിഹാരം വെറെയും ലഭിക്കും. കണ്ണനല്ലൂർ ജങ്ഷന്റെ മുഖമുദ്രയായിരുന്ന പബ്ലിക് ലൈബ്രറി വികസനത്തിന്റെ പേരിൽ ഏറ്റെടുക്കുന്നതോടെ പുതിയസ്ഥലം കണ്ടെത്തി മാറ്റിസ്ഥാപിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.