വൈദ്യുതിയില്ല, ജനറേറ്ററും; ടി.ബി ആശുപത്രിയിലെത്തുന്നവർക്ക് ദുരിതം
text_fieldsകണ്ണനല്ലൂർ: സർക്കാർ ആശുപത്രിയിൽ നിരന്തരം വൈദ്യുതി മുടങ്ങുന്നതും ജനറേറ്റർ ഇല്ലാത്തതും രോഗികളെ വലക്കുന്നു. നെടുമ്പന സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രമായ ടി.ബി ആശുപത്രിയിലാണ് ജനറേറ്റർ ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പല ദിവസങ്ങളിലും ഇവിടെ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്.
പലഭാഗങ്ങളിൽനിന്നും എത്തുന്ന സാധാരണ ജനങ്ങളുടെ ആശ്രയമാണ് വെളിച്ചിക്കാല ടി.ബി ആശുപത്രി. വ്യാഴാഴ്ച ഫിസിയോതെറപ്പി ചെയ്യാൻ എത്തിയ നാൽപതോളം വരുന്ന രോഗികളെ വൈദ്യുതിയില്ലാത്തത് പ്രതിസന്ധിയിലാക്കി. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലയിൽ വൈദ്യുതി ഇല്ല. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടുമ്പോൾ അവർ വ്യക്തമായ മറുപടി ലഭിക്കാറില്ല.
ആഴ്ചയിൽ രണ്ടു ദിവസമാണ് ആശുപത്രിയിൽ ഫിസിയോതെറപ്പി സേവനം നൽകുന്നത്. ആ രണ്ടു ദിവസവും സ്ഥിരം വൈദ്യുതിമുടക്കം ആണെന്ന് രോഗികൾ പറയുന്നു. വൈദ്യുതി ഇല്ലാത്തത് മൂലം ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ കാലിന് സുഖമില്ലാത്ത രോഗികൾ നടന്ന് പടികൾ കയറി മുകളിലെത്തേണ്ട അവസ്ഥയാണ്.
ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന ആശുപത്രിയിൽ അടിയന്തരമായി ജനറേറ്റർ സ്ഥാപിക്കണം എന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്. ജനറേറ്റർ സ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.