സ്ഥിരം കുറ്റവാളികൾക്കെതിരെ കാപ്പ; മൂന്നുപേർ കൂടി പിടിയിൽ
text_fieldsകൊല്ലം: പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി മാറിയ മൂന്ന് കുപ്രസിദ്ധ കുറ്റവാളികളെ സിറ്റി പൊലീസ് പരിധിയിൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. പാരിപ്പള്ളി കുളത്തൂർകോണം ചിറക്കര നന്ദുഭവനിൽ തീവെട്ടി ബാബു എന്ന ബാബു(61), പള്ളിത്തോട്ടം കൗമുദി നഗർ -48, ലൗലാൻഡിൽ ഷാനു (27), മീനാട് താഴം വടക്ക് അനു മൻസിലിൽ ഫൈസി എന്ന അമൽഷാ (28) എന്നിവരെയാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.
2017 മുതൽ ഗുരുവായൂർ ക്ഷേത്രം, പൂജപ്പുര, വർക്കല, തലയോലപ്പറമ്പ്, ചടയമംഗലം, പൂജപ്പുര, ഈരാറ്റുപേട്ട, പാലാ, പരവൂർ എന്നീ സ്റ്റേഷൻ പരിധിയിൽ മോഷണം, ഭവനഭേദനം, നിരോധിത മയക്കുമരുന്ന് കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത ഒമ്പത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് തീവെട്ടി ബാബു.
ഷാനുവിനെതിരെ 2017 മുതൽ 11 കേസുകളാണ് പള്ളിത്തോട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വ്യക്തികൾക്ക് നേരെയുള്ള ആക്രമണം, ആയുധം കൊണ്ടുള്ള ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, കുറ്റകരമായ നരഹത്യശ്രമം എന്നിവ സംബന്ധിച്ച കേസുകളാണിവ.
2018 മുതൽ ചാത്തന്നൂർ, ശക്തികുളങ്ങര എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഫൈസി എന്ന അമൽഷാ. എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് പുറമെ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റത്തിനും അതിക്രമത്തിനും രജിസ്റ്റർ ചെയ്തവയാണ് ഇയാൾക്കെതിരെയുള്ളകേസുകൾ.
ഇവർ മൂന്നുപേരും കരുതൽ തടങ്കൽ കഴിഞ്ഞ് മോചിതനായി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെ ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് വീണ്ടും റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.