10 കുടുംബങ്ങൾകൂടി ദുരിതാശ്വാസ ക്യാമ്പിലേക്ക്
text_fieldsകരുനാഗപ്പള്ളി: ശക്തമായ മഴയിൽ പള്ളിക്കലാറിലെ ജലനിരപ്പ് കൂടുതൽ ഉയർന്നതോടെ പരിസര പ്രദേശങ്ങളിലേക്ക് വെള്ളം കയറി. വീടുകളിലേക്ക് വെള്ളം കയറിയതോടെ കല്ലേലിഭാഗം വില്ലേജിലെ പത്തു കുടുംബങ്ങളെക്കൂടി എസ്.എൻ.ടി.ടി.ഐയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇതോടെ ക്യാമ്പിൽ കഴിയുന്നവരുടെ എണ്ണം 40 ആയി ഉയർന്നു. 23 സ്ത്രീകളും 10 പുരുഷന്മാരും ഏഴു കുട്ടികളുമാണ് ക്യാമ്പിലുള്ളത്.
വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. കല്ലേലിഭാഗം കാലിത്തീറ്റ ഫാക്ടറിക്ക് സമീപമുള്ള അഞ്ചു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീടുകളിലേക്ക് താമസം മാറി. മഴയിൽ തഴവ പുത്തൻപുരയിൽ നബീസയുടെ വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. അടുക്കള പൂർണമായി തകർന്നു.
വാട്ടർ ടാങ്കും തകർന്നിട്ടുണ്ട്. വീടിന്റെ ബാക്കി ഭാഗങ്ങളിലും വിള്ളലുകളുണ്ടായി. പാവുമ്പവടക്ക് പ്ലാവിളതെക്കതിൽ പ്രസാദും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഒരുഭാഗവും തകർന്നു. പ്രസാദും ഭാര്യയും കുട്ടികളും പ്രായമായ അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മ കിടന്നിരുന്ന മുറിയുടെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ റോഡുകളും തോടുകളും വെള്ളക്കെട്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.