കരുനാഗപ്പള്ളിയിലെ എന്‍.സി.സി ക്യാമ്പില്‍ 11 വിദ്യാര്‍ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ നടക്കുന്ന എന്‍.സി.സി ക്യാമ്പില്‍ പങ്കെടുക്കുന്ന 11 വിദ്യാര്‍ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഇവരില്‍ 10 പേരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
മാവേലിക്കര മുതല്‍ ആറ്റിങ്ങല്‍ വരെയുള്ള എന്‍.സി.സി സോണല്‍ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കാണ് ചൊവ്വാഴ്ച വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഗേള്‍സ് ഹൈസ്‌കൂളിലെ ക്യാമ്പിലുള്ള മെഡിക്കല്‍ സംഘം പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവരെ താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്ന് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളായ പെനിന്‍ (15), നിഷാന (17), ബിന്‍സി (18), ഇന്ദ്രജ (21), സലോമി (21), കല്യാണി (17), കാര്‍ത്തിക (15), അര്‍പ്പിത (14), നിഖില (14), ലാവണ്യ (19), ചന്ദന (15) എന്നിവര്‍ക്കാണ് ദേഹസ്വാസ്ഥ്യമുണ്ടായത്. ഇതില്‍ ചന്ദനയെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്.
ഭക്ഷ്യവിഷബാധയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് പറയാന്‍ കഴിയില്ലെന്നും അറുന്നൂറോളം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ഏതെങ്കിലും തരത്തില്‍ രോഗബാധകള്‍ ഉണ്ടാകാമെന്നും വീട്ടില്‍നിന്ന് മാറി നില്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാകാമെന്നുമാണ് ക്യാമ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, വിദ്യാര്‍ഥികളുടെ ആരുടേയും നില ഗുരുതരമല്ലെന്നും വെള്ളം കുടിക്കാത്തതുമൂലമുള്ള നിര്‍ജലീകരണമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകാന്‍ പ്രധാന കാരണമെന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ കോട്ടയില്‍ രാജു ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.