ഗ്യാസ് ടാങ്കർ ദുരന്തം: കത്തിപ്പടർന്ന ഓർമകൾക്ക് ഒരു വ്യാഴവട്ടം
text_fieldsകരുനാഗപ്പള്ളി: തണുപ്പേറിയ ഡിസംബറിെൻറ അവസാന നാളുകൾ കരുനാഗപ്പള്ളി സ്വദേശികൾക്ക് പൊള്ളുന്ന ഓർമകളാണ്. 2004 ഡിസംബർ 26ലെ സൂനാമിയും 2009 ഡിസംബർ 31ലെ ഗ്യാസ് ടാങ്കർ ദുരന്തവുമാണ് നാടിെൻറ നെഞ്ചുലക്കുന്നത്. മറ്റൊരു ഡിസംബർ 31 കൂടി എത്തുമ്പോൾ പാചകവാതക ടാങ്കർ അപകടം നടന്നിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാകുകയാണ്.
പുലർച്ച നാലിനാണ് കരുനാഗപ്പള്ളി പുത്തൻതെരുവിൽ ദേശീയപാതയിൽ 18 ടൺ പാചകവാതകം നിറച്ച ടാങ്കർ ലോറി അപകടത്തിൽപെട്ടത്.
ഗ്യാസ് ടാങ്കർ തീഗോളമായ ദുരന്തത്തിൽ 12 ജീവൻ നഷ്ടമായി. 20ഓളം പേർക്ക് പരിക്കേറ്റു. രണ്ടേകാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. തിരുവനന്തപുരം എയർപോർട്ടിൽനിന്ന് ഓച്ചിറയിലേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ച ടാങ്കർ ലോറി റോഡിന് കുറുകെ മറിഞ്ഞ് ക്യാബിനും ടാങ്കറും വേർപെടുകയായിരുന്നു. പാചക വാതകം ചോർന്ന ടാങ്കറിൽ തീപിടിച്ച് പൊട്ടിത്തെറിച്ചു.
രക്ഷാപ്രവർത്തനത്തിനെത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് പൂർണമായി കത്തി. പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ ഉൾപ്പെടെ രക്ഷകരാണ് അഗ്നിക്കിരയായത്.
ദുരന്തത്തെതുടർന്ന് കൊല്ലം-ആലപ്പുഴ ദേശീയപാതയിൽ 10 മണിക്കൂർ ഗതാഗത സ്തംഭനമുണ്ടായി. നാല് കിലോമീറ്റർ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. ആറര മണിക്കൂർ പരിശ്രമത്തിനു ശേഷമാണ് ആളിപ്പടർന്ന തീയണച്ചത്.
കൊല്ലം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി എഫ്. സേവ്യർ അന്വേഷിച്ച കേസിൽ ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി സിദ്ധേശ്വൻ, ലോറി ഉടമ സെന്തിൽകുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ദുരന്തത്തിെൻറ നടുക്കുന്ന സ്മാരകമായി പാചകവാതക ടാങ്കർ ഇന്നും പുത്തൻതെരുവ് ദേശീയപാതയുടെ വശത്ത് കാടുകയറി കിടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.