കോവിഡ് പ്രതിരോധം; കരുനാഗപ്പള്ളി നഗരസഭക്ക് ആർദ്രം അവാർഡ്
text_fieldsകരുനാഗപ്പള്ളി: ആരോഗ്യമേഖലയിൽ നടത്തിയ വേറിട്ട പ്രവർത്തനത്തിന് കരുനാഗപ്പള്ളി നഗരസഭക്ക് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ലഭിക്കുമ്പോൾ അത് കൂട്ടായ്മയിലൂടെ നടത്തിയ പ്രവർത്തനങ്ങൾക്കു കിട്ടിയ അംഗീകാരം കൂടിയാണ്. മൂന്നു ലക്ഷം രൂപയാണ് അവാർഡ്തുക. നഗരത്തെയും തീരദേശ മേഖലയെയും ഒരുപോലെ കണ്ട് രൂപം കൊടുത്ത പ്രവർത്തന പദ്ധതികളാണ് വിജയകരമായി നടപ്പാക്കാനായത്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ഒ. പിയുള്ള താലൂക്കാശുപത്രികളിൽ ഒന്നായ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ നടപ്പിലാക്കുന്ന വികസന പദ്ധതികളും അർബൻ പി.എച്ച്.സിയുടെ പ്രവർത്തനത്തെ കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളും ആയുർവേദ, ഹോമിയോ ചികിത്സാരംഗത്തെ ഇടപെടലുകളും നേട്ടത്തിന് പരിഗണിച്ചു. സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ മാതൃകയിൽ ജില്ലയിൽ ആദ്യമായി അതിഥി തൊഴിലാളികൾക്കായി ചികിത്സാകേന്ദ്രം ആരംഭിച്ചതും ഇവിടെയാണ്.
കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ സംസ്കാരചടങ്ങുകൾ ഏറ്റെടുക്കാൻ പലരും മടിച്ചുനിന്ന സന്ദർഭത്തിൽ കരുനാഗപ്പള്ളി നഗരസഭയുടെ അധീനതയിലുള്ള ശ്മശാനത്തിൽ രോഗിയുടെ സംസ്കാര ചടങ്ങ് ഏറ്റെടുത്തുകൊണ്ടാണ് നഗരസഭ ചെയർമാൻ ചുമതലയേൽക്കുന്നതുതന്നെ. താലൂക്കാശുപത്രിയിൽ നടപ്പാക്കുന്ന 69 കോടിയുടെ വികസന പദ്ധതിയുടെ ഒന്നാം ഘട്ടം അടുത്തമാസം നാടിന് സമർപ്പിക്കാനും രണ്ടാം ഘട്ടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. അർബൻ പി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിന്‍റെ നിർമാണ നടപടികൾ തുടങ്ങി. അർബൻ മേഖലയിലുൾപ്പെടെ പുതിയ പി.എച്ച് സബ് സെന്‍ററുകൾ ഉടൻ തുടങ്ങും. അവാർഡ് ലഭിക്കുന്നതിന് സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ചെയർമാനും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഡോ. പി. മീന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.