ലഹരി മാഫിയയുടെ താവളമായി അക്കേഷ്യ വനം
text_fieldsകരുനാഗപ്പള്ളി: തഴച്ചു വളർന്നു നിൽക്കുന്ന അക്കേഷ്യ വനം, വട്ടമിട്ടു പറക്കുന്ന പക്ഷികൾ..., ജലസമൃദ്ധമായ നീർച്ചാലുകൾ ഹരിതക്കുട നിവർത്തി നിൽക്കുന്ന ഈ മരങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത് ലഹരിയുടെ രൂക്ഷഗന്ധമാണെന്ന് മാത്രം. വട്ടക്കായലിലെ അക്കേഷ്യ വനം ഇപ്പോൾ ലഹരി മാഫിയയുടെ പിടിയിലാണ്.
കരുനാഗപ്പള്ളി പ്രദേശത്ത് ലഹരി സംഘങ്ങൾ പിടിമുറുക്കിയതോടെ വട്ടക്കായൽ വനം മാത്രമല്ല കുലശേഖരപുരം തുറയിൽ കടവ്, കാട്ടിൽകടവ്, വള്ളിക്കാവ്, തഴവ പാവുമ്പ ചുരുളി, മാലുമേൽ പുഞ്ച, കരുനാഗപ്പള്ളി ആലുംകടവ്, ചന്തക്കടവ് തുടങ്ങിയ ഇടങ്ങളെല്ലാം ദുഷ് പേരിലാണ്.
പകൽ പോലും പൊതുശ്രദ്ധ പതിയാത്ത ഇവിടങ്ങളിൽ ലഹരി ഉപയോഗവും കൈമാറ്റവും നിർബാധം നടക്കുന്നതായി നാട്ടുകാർ പറയുന്നു. ഇത്തരം പ്രധാന സങ്കേതങ്ങളെ കൂടാതെ ഓരോ പഞ്ചായത്തിലും വിവിധ ജങ്ഷനുകളുടെ പേരിൽ പോലും ലഹരി മാഫിയകൾ പ്രവർത്തിച്ചു വരുന്നുവെന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരം. എം.ഡി.എം.എ, എൽ.എസ്.സി സ്റ്റാമ്പ്, കഞ്ചാവ്, നെട്രോ സെപാം ഗുളികകൾ എന്നിങ്ങനെ പല രൂപത്തിൽ ലഹരി ഒഴുകുകയാണ്.
ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ നെട്രോ സെപാം ഗുളികകൾ വിൽക്കാൻ പാടില്ലെന്ന ഡ്രഗ് കൺട്രോൾ ബോർഡിന്റെ നിർദേശം നിലനിൽക്കെയാണ് കൊള്ളവില വാങ്ങി ചില മെഡിക്കൽ ഷോപ്പുകൾ വിൽക്കുന്നത്. ഇത്തരം ലഹരികളിൽ അടിമപ്പെടുന്നവരിൽ അധികവും വിദ്യാർഥികളാണെന്ന കാര്യം ഭയപ്പാടോടെയാണ് സമൂഹം നോക്കിക്കാണുന്നത്. പൊലീസിലെ അമിത ജോലിഭാരവും എക്സൈസിലെ അംഗബലമില്ലായ്മയും മാഫിയകൾ തഴച്ചുവളരാനുള്ള വളമായി മാറിയിട്ടുണ്ട്.
ആറ് പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്ന പ്രദേശത്തെ ലഹരി വിൽപ്പന തടയാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന കരുനാഗപ്പള്ളി എക്സൈസിൽ 30 അംഗങ്ങൾ മാത്രമാണുള്ളത്. കാലാനുസൃതമായി എക്സൈസ് സേനയെ നവീകരിക്കണമെന്ന ആവശ്യവും വർഷങ്ങളായി പരിഗണിക്കുന്നില്ല.
ആവശ്യക്കാർ ഇടനിലക്കാരേയും കച്ചവടക്കാരെയും ബന്ധപ്പെട്ടിരുന്നത് മുമ്പ് മൊബൈൽ ഫോൺ വഴിയായിരുന്നുവെങ്കിൽ ഇപ്പോൾ ഇത് പൂർണമായും ഒഴിവാക്കിയ മട്ടാണ്. ഇത് ലഹരി സംഘങ്ങളെ കണ്ടെത്താനുള്ളതിന് വൻ തിരിച്ചടിയായിട്ടുണ്ട്.
കണ്ണിന്റെ ചുവപ്പ് നിറം, ചുണ്ട്, പല്ല് എന്നിവക്കുണ്ടാകുന്ന കറുപ്പ് നിറം എന്നിവ ലഹരി ഉപയോഗം തിരിച്ചറിയുന്ന പ്രകടമായ ലക്ഷണങ്ങളാണ്. എന്നാൽ, ഇവയെ മായ്ച്ചു കളയാൻ പ്രാപ്തമായ പേസ്റ്റുകൾ കൂടി ആവശ്യക്കാർക്ക് ലഹരി സംഘങ്ങൾ നൽകാൻ തുടങ്ങിയതോടെ അത്തരക്കാരെ തിരിച്ചറിയാനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.