ഡിവൈഡർ അപകടക്കെണി; ചിറ്റുമൂല ജങ്ഷനിൽ വാഹനാപകടം തുടർക്കഥ
text_fieldsകരുനാഗപ്പള്ളി: അപകടക്കെണിയായി മാറിയ ഡിവൈഡർ മാറ്റാത്തതിനാൽ ചിറ്റുമൂല ജങ്ഷനിൽ വാഹനാപകടം തുടർകഥ. അപകടത്തിൽ പരിക്കേറ്റ അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പുതിയകാവ്-ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ ക്രോസിന് സമീപം ദേശീയപാത അതോറിറ്റി അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറുകളാണ് അപകടം സൃഷ്ടിക്കുന്നത്.
റോഡിൽ ഡിവൈഡർ ഉണ്ടെന്ന മുന്നറിയിപ്പോ രാത്രി വാഹനങ്ങൾക്ക് കാണത്തക്കവിധം റിഫ്ലക്ടഡ് സിഗ്നലുകളോ സ്ഥാപിച്ചിട്ടില്ല. റെയിൽവേ ക്രോസ് കടന്നുവരുന്ന വാഹനങ്ങളുടെ കൂട്ടപ്പാച്ചിലും തള്ളിക്കയറ്റവും ഗതാഗതകുരുക്കും ഒഴിവാക്കുന്നതിനായി നിർമിച്ചതാണ് ഈ ഡിവൈഡറുകള്‍. രാത്രി ഇവിടെ വെളിച്ചംപോലും ഇല്ലാത്തതാണ് കൂട്ട അപകടങ്ങൾക്ക് കാരണമാകുന്നത്.
തമിഴ്നാട്ടിൽനിന്ന് തേനി റോഡ് വഴി കരുനാഗപ്പള്ളി മാർക്കറ്റിലേക്ക് രാത്രിയിലെത്തുന്ന ചരക്കുലോറികളാണ് മിക്ക ദിവസങ്ങളിലും ഡിവൈഡറുകളിൽ ഇടിച്ചുകയറി അപകടത്തിൽപ്പെടുന്നത്. വീതിയില്ലാത്ത ഡിവൈഡറുകൾ മൂലം റോഡിൽ ഗതാഗത സ്തംഭനവും തുടർക്കഥയാണ്.
കരുനാഗപ്പള്ളിയിലെയും പരിസരങ്ങളിലെയും വിവിധ കലാലയങ്ങളിലെത്തുന്ന വിദ്യാർഥികളും മണിക്കൂറുകളോളം കുരുക്കിൽപെട്ട് കിടക്കുന്നത് പതിവാണ്. ദേശീയപാത അതോറിറ്റിയുടെ ഭാഗമായിരുന്ന പുതിയകാവ്-ചക്കുവള്ളി റോഡ് അടുത്തിടെ മാത്രമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡിന് കൈമാറിയത്.
ഇവിടുത്തെ അപകടാവസ്ഥയെക്കുറിച്ചും തുടർനടപടിക്കായും പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തില്‍നിന്ന് അടിയന്തര നടപടിക്കായി കത്ത് സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ ചിറ്റുമൂല റെയിൽവേ ക്രോസിന് മുന്നിലുള്ള ഡിവൈഡർ പൊളിച്ചുമാറ്റി ഗതാഗത യോഗ്യമാക്കുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സച്ചിൻ ‘മാധ്യമ'ത്തോട് പറഞ്ഞു.
ഡിവൈഡറിൽ ഇടിച്ചുകയറിയ ലോറി അഗ്നിരക്ഷാസേന കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടയിൽ കട്ടർ തെറിച്ചുവീണ് തഴവ സ്വദേശി കാട്ടിൽ വീട്ടിൽ ഹാഷിമും അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനായ കോയിപ്പുറത്ത് വീട്ടിൽ വിഷ്ണുവും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.