ദുരിതം പേറുന്ന ഓട്ടിസം കേന്ദ്രം
text_fieldsകരുനാഗപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കരുനാഗപ്പള്ളി ഉപജില്ലയിലെ ഏക ഓട്ടിസം കേന്ദ്രം വീർപ്പുമുട്ടുന്നു. പ്രീപ്രൈമറി തലം മുതൽ പ്ലസ്ടു വരെയുള്ള 67 ഓളം ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകാൻ നിലവിൽ ഒരു അധ്യാപികയും ഒരു സഹായിയും മാത്രമാണ് ഉള്ളത്. പരിശീലന വൈദഗ്ധ്യം ലഭിച്ച മൂന്ന് അധ്യാപകരുടെ സേവനം വേണ്ട സ്ഥലത്താണിത്.
അവധിയിൽ പോയവർക്ക് പകരം ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. 2007ൽ നിലവിൽ വന്ന കേന്ദ്രത്തിൽ പഞ്ചേന്ദ്രിയങ്ങൾക്കു അരോചകമായ വസ്തുക്കൾ തടയുന്ന പ്രധാനപ്പെട്ട സെൻസർ റൂം ഇതുവരെ സ്ഥാപിച്ചിട്ടില്ല. കുട്ടികൾക്ക് പ്രത്യേകമായി സ്പീച്ച് തെറാപ്പി നൽകുന്നതിന് ആവശ്യമായ രണ്ട് കാബിനുകൾ മാത്രമാണുള്ളത്.
കരുനാഗപ്പള്ളി ഗവ. മുസ്ലിം എൽ.പി.എസിലെ രണ്ട് ക്ലാസ് മുറികളിലായിട്ടാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇത്രയും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് ഒരു ക്ലാസ് മുറി മാത്രമാണ്. മറ്റൊരു ക്ലാസ് മുറി അധ്യാപകരുടെ വിശ്രമകേന്ദ്രമായും ഉപയോഗിക്കുന്നു. സ്പീച്ച് തെറാപ്പി നടത്തുന്ന അധ്യാപികക്ക് ഒരു കാബിൻ ആണ് വേണ്ടത്. ബുദ്ധിവികാസത്തിന് ഉപകരിക്കുന്ന ടി.എൽ.എം( ടീച്ചിങ് ലേണിങ് മെറ്റീരിയൽ) നാമമാത്രമായിട്ടേ ഉള്ളൂ.
കായിക പരിശീലനം നൽകുന്നതിന് ആവശ്യമായ വിശാലമായ ഹാൾ ഇല്ലാത്തതിനാൽ കുട്ടികളെ പരിശീലിപ്പിക്കുന്നത് ഏറെ ദുഷ്കരമാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള അധിക ശാരീരിക ക്ഷമത കുറച്ചു കൊണ്ടുവരാൻ ഉപകരിക്കുന്ന ഉപകരണങ്ങൾ അന്യമാണ്.
അക്ഷരങ്ങൾ പഠിപ്പിക്കുന്നതിന് ഉപകരിക്കുന്ന പ്രത്യേക ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. ആരോഗ്യ വിദഗ്ധർ കുട്ടികളുടെ ഭൗതിക വളർച്ചക്കായി നിഷ്കർഷിക്കുന്ന പ്രധാന ഇനമായ ഓട്ടിസം പാർക്കും ഇവിടെയില്ല. ബോർഡിൽ ഒതുങ്ങുന്ന ഓട്ടിസം കേന്ദ്രത്തിന്റെ ശാപമോക്ഷം കാത്ത് കഴിയുകയാണ് രക്ഷിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.