കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; സംഘം പിടിയിൽ
text_fieldsകരുനാഗപ്പള്ളി: പെൺകുട്ടികളെ ഉൾപ്പെടെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ തമിഴ്നാട് സംഘം കരുനാഗപ്പള്ളിയിൽ പിടിയിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു കുട്ടികളെ ജില്ല ശിശു സംരക്ഷണ ഉദ്യോഗസ്ഥർ ഏറ്റെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലാണ് സംഭവം.
ജില്ല ശിശു സംരക്ഷണ ഓഫിസർ എ.കെ. ജംലാറാണിയും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് സംഘം ഭിക്ഷാടനം നടത്തുകയായിരുന്നു.
രക്ഷാകർത്താക്കളെന്ന് അവകാശപ്പെടുന്ന ഏതാനും പേരും ഇവർക്കൊപ്പമുണ്ടായിരുന്നു. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെത്തി കുട്ടികളുമായി സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇവരിൽ ചിലർ ഓടി രക്ഷപ്പെട്ടു. ഒരാൾ രണ്ടു കുട്ടികളുമായി ബസ് സ്റ്റാൻഡിലെ ശുചി മുറിയിലേക്ക് ഓടിക്കയറിയെങ്കിലും ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ടുവന്നു.
നാല് കുട്ടികളെയും അവർക്ക് ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രണ്ടുകുട്ടികളെയും ഒപ്പമുണ്ടായിരുന്നവരെയും ജീപ്പിൽ കയറ്റി. ഇതിനിടയിൽ മറ്റുള്ളവർ സ്ഥലംവിട്ടു. പിടികൂടിയവരെ ജില്ല ശിശുക്ഷേമ സമിതിയിൽ ഹാജരാക്കി. കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നവർ രക്ഷാകർത്താക്കളാണെന്ന് അവകാശപ്പെട്ടെങ്കിലും മതിയായ രേഖകളൊന്നുമുണ്ടായിരുന്നില്ല. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.
ഡി.എൻ.എ പരിശോധന ഉൾപ്പെടെ നടത്തി രക്ഷകർത്താക്കളാണെന്ന് തെളിഞ്ഞാൽ മാത്രമേ കുട്ടികളെ അവർക്കൊപ്പംവിടാനാകുവെന്ന് അധികൃതർ വ്യക്തമാക്കി. അതുവരെ കുട്ടികളെ ശിശുക്ഷേമ സമിതിയുടെ തണൽ ഹോമിൽ പാർപ്പിക്കും.
തമിഴ്നാട് ശിശുക്ഷേമ സമിതിയുമായും ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്ന് ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥർ പറഞ്ഞു. ചൈൽഡ് റെസ്ക്യൂ ഓഫിസർ രശ്മി രഘുവരൻ, ലീഗൽ ഓഫിസർ വിജിത എസ്. ഖാൻ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.