ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ; ഐ.പി സേവനവും രാത്രി ഡ്യൂട്ടിയും നിലച്ചു
text_fieldsകരുനാഗപ്പള്ളി: ചവറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഐ.പി പ്രവർത്തനവും ഡോക്ടർമാരുടെ രാത്രികാല സേവനവും പൂർണമായി നിലച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾ വലയുന്നു. ചവറ കെ.എം.എം.എൽ കമ്പനിക്ക് തൊട്ടുമുന്നിലുള്ള പന്മന പഞ്ചായത്തിലെ ഏക സർക്കാർ വക പൊതുജനാരോഗ്യ ആതുരാലയമാണ് കഴിഞ്ഞ 20 ദിവസമായി രാത്രികാല സേവനവും കിടപ്പു രോഗികൾക്കുള്ള സേവനവും നിലച്ചത്.
നാഷനൽ ഹെൽത്ത് മിഷൻ നിയമിച്ച ഡോക്ടർ ശമ്പളം കിട്ടാതെ വന്നതോടെ സേവനം നിർത്തുകയും സർക്കാർ ഡോക്ടർ ദീർഘകാല അവധിയിൽ പ്രവേശിക്കുകയും ചെയ്തതോടെയാണ് ആശുപത്രി പ്രവർത്തനം അവതാളത്തിലായത്. ചവറ ബ്ലോക്ക് പഞ്ചായത്തും കെ.എം. എം.എൽ കമ്പനിയും ചേർന്ന് കരാർ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരെ രാത്രികാല ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.
രാത്രിയിൽ കിടപ്പുരോഗിയോടൊപ്പം എത്തിയവർ ഡോക്ടർമാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഇരുവരും ജോലി വിട്ടു. ഡോക്ടർമാരുടെ ഒഴിവു നികത്തണമെന്നു ആവശ്യപ്പെട്ടു ജില്ല മെഡിക്കൽ ഓഫിസർ മുമ്പാകെ പരാതി നൽകിയിട്ടും പരിഗണിച്ചില്ലന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം ആരോഗ്യവകുപ്പിനാണെന്നും ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ എത്തുന്നവരും ഗർഭിണികളും പനി രോഗികളും അടക്കം രാത്രികാലങ്ങളിൽ ആശുപത്രിയിൽ എത്തുന്നവർ നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.