നല്ലകാലത്തിലേക്ക് കണ്ണുംനട്ട് ചെറിയഴീക്കല്‍ എൽ.പി സ്കൂൾ
text_fieldsകരുനാഗപ്പള്ളി: ഉപ്പുരസമുള്ള കടൽക്കാറ്റിൽ പ്രവർത്തനരഹിതമായ പ്രൊജക്ടറുകൾ, തുരുമ്പെടുത്ത കമ്പ്യൂട്ടറുകൾ, ശക്തമായ കടൽക്കാറ്റേൽക്കുന്ന തുറസ്സായ ഓഡിറ്റോറിയം, തകർന്നുവീഴാറായ കെട്ടിടങ്ങൾ... കരുനാഗപ്പള്ളി സബ്ജില്ലയിലെ ചെറിയഴീക്കല്‍ എൽ.പി സ്കൂളിന്റെ ദയനീയ കാഴ്ചകളാണിവ.
കടലോരമേഖലയിലെ 145 ഓളം കുട്ടികൾ പ്രീപ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന ഈ സ്കൂളിന്റെ ഓഫിസിലോ ക്ലാസ് മുറികളിലോ ഒരു കമ്പ്യൂട്ടർ പോലും കാണാനില്ല. കൈറ്റ് വർഷങ്ങൾക്കു മുമ്പ് നൽകിയ കമ്പ്യൂട്ടറുകളെല്ലാം കാലപ്പഴക്കത്തിൽ നാമാവശേഷമായി. മെയിൻറനൻസ് കാലാവധി കഴിഞ്ഞതിനാൽ ഇവക്ക് ‘ജീവൻ നൽകാൻ’ ഇനി കൈറ്റിനും കഴിയില്ല.
ആകെയുണ്ടായിരുന്ന പ്രൊജക്ടർ കാലപ്പഴക്കത്താൽ പ്രവർത്തനരഹിതമായിട്ട് കാലങ്ങൾ ഏറെയായി. വിദ്യാഭ്യാസം സാർവത്രികമാക്കിയ സംസ്ഥാനമെന്ന് അഭിമാനിക്കുമ്പോഴും ഈ തീരദേശ സ്കൂളിലെ കുട്ടികൾക്ക് ഇതെല്ലാം അന്യം. കാറ്റിൽ കൂരകൾ അടർന്നുമാറിയ തുറസ്സായ ഓഡിറ്റോറിയത്തിലാണ് പഠനം. കാറ്റ് ശക്തമാകുമ്പോൾ കുട്ടികളെ മറ്റ് ക്ലാസുകളിലേക്ക് മാറ്റും.
1956 ല്‍ സ്ഥാപിതമായ സ്കൂളിന് ഇതുവരെ ലഭ്യമായത് രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു ചെറിയ കെട്ടിടം മാത്രമാണ്. കടലോരനിവാസികളുടെ കുരുന്നുമക്കളെത്തുന്ന ഈ പൊതുവിദ്യാലയത്തിന്റെ വികസനം ലക്ഷ്യമാക്കി മുട്ടാത്ത വാതിലുകളില്ല.
എട്ട് ജീവനക്കാരുള്ള ഈ സ്കൂളിൽ ഓഫിസും സ്റ്റാഫ് റൂമും ഒറ്റ മുറിയിൽ തന്നെയാണ്. അഞ്ച് ഡിവിഷനുകൾക്കായുള്ളതാകട്ടെ സുരക്ഷിതമായ രണ്ട് ക്ലാസ് മുറികളും. കളിസ്ഥലം തീരെ ഇല്ലാത്തതിനാൽ കുഞ്ഞുമക്കൾ ആകെ വീർപ്പുമുട്ടുകയാണ്. പുതിയ പാചകപ്പുരക്ക് ജില്ലപഞ്ചായത്തിൽനിന്ന് എസ്റ്റിമേഷൻ തയാറാക്കി പോയെങ്കിലും അനുകൂല മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. ശുചിമുറികളുടെ അവസ്ഥയും അതിദയനീയമാണ്. പുതിയ ടോയ്ലറ്റ് ബ്ലോക്കിനുള്ള കാത്തിരിപ്പ് നീളുകയാണ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 25 വിദ്യാർഥികൾക്ക് എൽ.എസ്.എസ് നേടാൻ കഴിഞ്ഞതായി പ്രഥമാധ്യാപിക ബഷിരിയത്ത് പറഞ്ഞു. പരാധീനതകൾക്ക് നടുവിലും മെച്ചപ്പെട്ട പഠനനിലവാരം പുലര്‍ത്തുകയും സ്വകാര്യമേഖലയെക്കാൾ കാര്യപ്രാപ്തി നേടുകയും ചെയ്യുന്ന പൊതുവിദ്യാലയങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ വിദ്യാർഥികളുടെ എണ്ണം ഇനിയും വര്‍ധിക്കും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.