കോൺഗ്രസ് പുനഃസംഘടന; കരുനാഗപ്പള്ളിയിൽ ഗ്രൂപ്പുകൾക്കുള്ളിൽ കലഹം
text_fieldsകരുനാഗപ്പള്ളി: കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ ഗ്രൂപ്പുകൾക്കുള്ളിലും കലഹം. ചിലർ ഗ്രൂപ്പുകളിൽനിന്ന് കൂടുമാറി മറ്റ് ഗ്രൂപ്പുകളിലേക്ക് പോകാൻ ഒരുങ്ങുന്നു. സ്ഥാനമാനങ്ങൾ മോഹിച്ചാണ് പലരും മറുകണ്ടം ചാടാൻ ഒരുങ്ങുന്നത്.
എ ഗ്രൂപ്പിന് ഏറെ സ്വാധീനമുള്ള കരുനാഗപ്പള്ളിയിൽ ചെന്നിത്തല വിഭാഗം, കെ.സി. വേണുഗോപാൽ വിഭാഗം എന്നിങ്ങനെ ഭിന്നിച്ചുനിൽക്കുകയാണ് ഐ ഗ്രൂപ്. ചെന്നിത്തലയോട് അനുഭാവം പ്രകടിപ്പിക്കുന്ന പക്ഷവും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന പക്ഷവും പ്രത്യേകം യോഗം ചേർന്നു. എ വിഭാഗവും യോഗം ചേർന്ന് തങ്ങളുടെ വിഭാഗത്തിൽ പെട്ടവർക്കുള്ള ഭാരവാഹിത്വത്തെ സംബന്ധിച്ച് അവകാശവാദം ഉന്നയിക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ചേർന്ന രഹസ്യയോഗത്തിൽ കരുനാഗപ്പള്ളിയിലെ എ വിഭാഗം നേതാക്കൾ പങ്കെടുത്ത് തങ്ങളുടെ വിഭാഗത്തിൽപ്പെട്ടവരെ മണ്ഡലം പ്രസിഡന്റുമാരാക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായാണ് വിവരം. അങ്ങനെ വന്നാൽ കെ.സി വിഭാഗത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനും തയാറാണെന്ന് ഇവർ യോഗത്തിൽ അറിയിച്ചതായാണ് സൂചന.
ഐ ഗ്രൂപ്പിലെ പാവുമ്പയിൽനിന്നുള്ള നേതാവിനെയും ഐയിൽനിന്ന് എയിലേക്കും ഇപ്പോൾ വേണുഗോപാൽ പക്ഷത്തേക്കും ചേർന്ന ഓച്ചിറയിൽ നിന്നുള്ള നേതാവിനെയും ബ്ലോക്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ, ചെന്നിത്തലയോട് അനുഭാവം പ്രകടിപ്പിക്കുന്ന ഐ വിഭാഗവും പരമ്പരാഗത എ വിഭാഗവും ഇതിനെ ശക്തമായി എതിർക്കാനും പാർട്ടിയിൽതന്നെ വലിയ വിഭാഗീയതക്ക് കാരണമാകുവാനുമാണ് സാധ്യത. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എയിൽതന്നെ നിലനിർത്തണമെന്നും ഓച്ചിറ ബ്ലോക്കിൽനിന്നുള്ള കെ.പി.സി.സി അംഗത്തെ ഇതേ കമ്മിറ്റിയുടെ പരിധിയിൽപ്പെട്ട എ ഗ്രൂപ്പ് മുൻനിര നേതാക്കൾക്ക് നൽകണമെന്നുമാണ് എ ഗ്രൂപ് ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ ശക്തമായ നിലപാട്. തർക്കം രൂക്ഷമായാൽ ഓച്ചിറയിൽ ബ്ലോക്ക് പ്രസിഡൻറ് സ്ഥാനം വനിതക്ക് നൽകാനും നേതൃത്വം നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ ജില്ലയിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുൻ ഡി.സി.സി പ്രസിഡൻറുമാരും ജില്ലയിൽനിന്നുള്ള രണ്ട് എം.എൽ.എമാരുമടങ്ങുന്ന ഉന്നത അധികാര സമിതി കഴിഞ്ഞ നാലിന് യോഗം ചേർന്നപ്പോൾ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് വിട്ടുനിന്നത് കരുനാഗപ്പള്ളിയിലെ വിവിധ ഗ്രൂപ്പുകളിൽപെട്ട കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ എതിർപ്പിന് കാരണമായിട്ടുണ്ട്.
യോഗത്തിൽ പങ്കെടുത്ത് ഏതെങ്കിലും ഒരാളിന്റെ പേര് പറഞ്ഞാൽ മറുവിഭാഗത്തുള്ളവർ തന്റെ ശത്രുവായി മാറുമോ എന്ന ആശങ്കയിലാണ് എം.എൽ.എ യോഗത്തിൽനിന്ന് വിട്ടുനിന്നതെന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്. എം.എൽ.എയെന്ന നിലക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തി കരുനാഗപ്പള്ളിയിലെ പരമാവധി നേതാക്കൾക്ക് സ്ഥാനങ്ങൾ നേടിക്കൊടുക്കാനുള്ള അവസരം എം.എൽ.എ പാഴാക്കിയെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഏതായാലും ഗ്രൂപ് മാനേജർമാർക്ക് പിന്നാലെ പോകാതിരുന്ന പൊതുസ്വീകാര്യതയുള്ള പല പ്രവർത്തകരും പുതിയ പുനഃസംഘടനയിൽ അവഗണിക്കപ്പെടുമെന്നത് ഉറപ്പായിരിക്കുകയാണ് എന്നാണ് പാർട്ടിക്കുള്ളിൽനിന്ന് അഭിപ്രായമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.