തഴവ ഗവ. കോളജ് കെട്ടിടം മാറ്റത്തിൽ വിവാദം
text_fieldsകരുനാഗപ്പള്ളി: ശോചനീയാവസ്ഥയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിന്റെ കെട്ടിടം മാറ്റുന്നതിനെ ചൊല്ലി വിവാദം.
നിലവിലെ കെട്ടിടം അടിസ്ഥാന സൗകര്യമുള്ളതെന്നാണ് ഉടമയുടെ വാദം. എന്നാൽ ആവശ്യമായ യാതൊരു സൗകര്യവും ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു. ഇടിഞ്ഞു വീഴാറായ മേൽക്കൂരയും വെള്ളം കയറുന്ന ക്ലാസ് റൂമുമാണുള്ളത്. വിഷയം ഉടമയെ ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. കഴിഞ്ഞവർഷം ഇതേ മാസം ഉണ്ടായ വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ഉടമ വാഗ്ദാനം നൽകിയതല്ലാതെ യാതൊരു നടപടിയും സ്വീകരിച്ചില്ല. അന്ന് പ്രതിഷേധത്തെ തുടർന്ന് സി.ആര്. മഹേഷ് എം.എൽ.എ കോളജ് സന്ദർശിക്കുകയും വിദ്യാർഥികളെ അനുനയിപ്പിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ അടുത്ത അധ്യയന വർഷം ആരംഭിക്കും മുമ്പായി ചെയ്യുമെന്ന് ഉടമ ഉറപ്പു നൽകിയിരുന്നു.
എന്നാൽ കെട്ടിടം പുനരുദ്ധരിക്കാത്തതിനെ തുടര്‍ന്ന് വിദ്യാർഥികൾ വീണ്ടും പ്രതിഷേധം ആരംഭിച്ചു. ജീവന് ഭീഷണിയായ കെട്ടിടത്തിൽ നിന്ന് പുതിയ സ്ഥലത്തേക്ക് മാറണമെന്നതാണ് ആവശ്യം. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ എം.എല്‍.എ വീണ്ടും കോളജ് സന്ദർശിച്ചു. പ്രിൻസിപ്പൽ, പി.ടി.എ ഭാരവാഹികൾ, വിദ്യാർഥികൾ, അധ്യാപകർ, നിലവിലെ കോളജ് കെട്ടിടത്തിന്റെ ഉടമ എന്നിവർ ഉൾപ്പെടെ നടത്തിയ ചർച്ചയിൽ കെട്ടിടം മാറാമെന്ന കുട്ടികളുടെ ആവശ്യം തികച്ചും ന്യായമാണെന്ന് മനസ്സിലാക്കി. ഉടമയുടെ പൂർണ്ണ സമ്മതത്തോടെ പുതിയ കോളജ് കെട്ടിടത്തിലേക്ക് മാറാമെന്ന് തീരുമാനത്തിൽ എത്തി.
അന്നത്തെ ചർച്ചയിലെ ആവശ്യങ്ങൾ അംഗീകരിച്ച ഉടമ പിന്നീട് എം.എൽ.എക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും എതിരെ ആരോപണങ്ങൾ ഉയർത്തുകയും തന്റെ കെട്ടിടം അടിസ്ഥാന സൗകര്യമുള്ളതാണെന്ന് വാദിക്കുകയും ചെയ്തു. ഇത് വാസ്തവവിരുദ്ധമാണെന്നും ഓരോ മാസവും നല്ലൊരു തുക വാടകയായി കൈപ്പറ്റുന്ന കെട്ടിട ഉടമ കോളജിന്റെ നവീകരണത്തിനായി ഒന്നും ചെയ്യാതെ താൻ ഇതിലും വലിയ മോശം സാഹചര്യത്തിലാണ് പഠിച്ചതെന്ന നിലപാടാണ് പറയുന്നതെന്നും വിദ്യാര്‍ഥി പ്രതിനിധികള്‍ പ്രതിഷേധ കുറിപ്പില്‍ വ്യക്തമാക്കി.
അധ്യയനത്തിന് അനുകൂലമായ രീതിയിൽ അധികാരികൾ നടപടിയെടുക്കണം എന്നതാണ് വിദ്യാർഥികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.