സി.പി.എം പാർലമെൻററി പാർട്ടി യോഗം; ബഹിഷ്കരണവുമായി ചെയർമാൻ അടക്കം ഒമ്പത് കൗൺസിലർമാർ
text_fieldsകരുനാഗപ്പള്ളി: പീഡനക്കേസില്‍ പ്രതിയായ കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ തൽസ്ഥാനം ഒഴിയണമെന്ന പാർട്ടി നിർദേശം നടപ്പാക്കുന്നതിന് വേണ്ടി ചേർന്ന പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്ന് ചെയർമാൻ കോട്ടയില്‍ രാജു അടക്കം ഒമ്പത് അംഗങ്ങൾ. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള നഗരസഭയിലെ സി.പി.എം കൗൺസിൽ അംഗങ്ങളാണ് ഏരിയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽനിന്ന് വിട്ടുനിന്നത്. ഇതോടെ കേസിൽ അകപ്പെട്ട മുൻസിപ്പൽ ചെയർമാന്റെ രാജി വൈകും.
നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ ദളിത് യുവതി നൽകിയ പീഡന പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പാർട്ടി ജില്ല നേതൃത്വം കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തി ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, പാർട്ടി തീരുമാനം അംഗീകരിക്കാൻ നിർവാഹമില്ലെന്നും സ്ഥാനം ഒഴിയുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാകുമെന്ന ചിന്തയിലാണ് ചെയർമാൻ വിട്ടുനിന്നതെന്നാണ് വിവരം.
ജില്ല കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന വിഭാഗവും സംസ്ഥാന കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലാണ് കരുനാഗപ്പള്ളിയിൽ വിഭാഗീയത. മുന്‍ ധാരണ പ്രകാരമാണ് ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി നിർദേശിച്ചതെന്ന് ചെയർമാൻ പക്ഷത്തുള്ളവർ പറയുന്നെങ്കിലും ഇങ്ങനെ ഒരു ധാരണ ഇടതുമുന്നണിയിൽ ഇല്ലെന്ന് മറുവിഭാഗം പറയുന്നു.
അഞ്ച് വർഷം ചെയർമാൻ സ്ഥാനം സി.പി.എമ്മിനും വൈസ് ചെയർപേഴ്സൺ സ്ഥാനം സി.പി.ഐക്കും എന്നായിരുന്നു മുൻ എം.എൽ.എ ആർ. രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന മുന്നണി ധാരണ.
ചെയർമാൻ സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടായിരുന്നുവെങ്കിൽ വൈസ് ചെയർപേഴ്സൺ സ്ഥാനം സി.പി.ഐ മുമ്പേ ഉപേക്ഷിക്കേണ്ടതായിരുന്നുവെന്നും മറുവിഭാഗം നേതാക്കൾ പറയുന്നു. അതേസമയം, സി.പി.ഐക്ക് നല്കാന് ഉദ്ദേശിക്കുന്ന ചെയർമാൻ സ്ഥാനത്തേക്കും വടംവലി ശക്തമായിട്ടുണ്ട്. സീനിയര്‍ അംഗമായ പടിപ്പുര ലത്തീഫിന് പുറമേ എ.ഐ.വൈ.എഫ് നേതാവ് മഹേഷ് ജയരാജ്, സി.പി.ഐ പാർലമെൻററി പാർട്ടി പാര്‍ട്ടി ലീഡര്‍ നിസാം ബായ് എന്നിവരും രംഗത്തുണ്ട്. 19 സി.പി.എം അംഗങ്ങളില്‍ പുഷ്പാംഗദൻ, പ്രസന്നകുമാർ, സഫിയത്ത് ബീവി, ബുഷ്റ, ശ്രീലത, ഇന്ദുലേഖ, ഡോ. പി. മീന, ഷഹിന നസീം, ബിന്ദു അനിൽ, സീമ ഷാജഹാൻ, ശോഭന എന്നിങ്ങനെ 10 പേരാണ് ഏരിയ സെക്രട്ടറി പി. കെ. ജയപ്രകാശിന്റെ സാന്നിധ്യത്തിൽ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുത്തത്. രാജി സമര്‍പ്പിക്കാതെ പാര്‍ട്ടി തീരുമാനം ലംഘിക്കുന്ന പക്ഷം ശക്തമായ നടപടി ഉണ്ടാകുമെന്നാണ് നേതൃത്വം നല്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.