ഹാംറേഡിയോ വിനോദവുമായി ഡെമാന്സ്റ്റന്
text_fieldsകരുനാഗപ്പള്ളി: സർക്കാർ സേവനത്തോടൊപ്പം രാജകീയ വിനോദമായ ഹാം റേഡിയോ തപസ്യയാക്കിയ തൊടിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വെള്ളിമണ്‍ ഡെമാന്സ്റ്റന് വേറിട്ട കാഴ്ചയാകുകയാണ്. ഭൂമിക്ക് പുറത്ത് ബഹിരാകാശ പേടകങ്ങളിൽ വരെ ഉള്ളവരുമായി പോലും ആശയവിനിമയം സാധ്യമാക്കാൻ ഉപകരിക്കുന്ന അതീവ സുരക്ഷിതമായ ഉപകരണം എന്ന നിലയിലാണ് ഹാം റേഡിയോ ഇദ്ദേഹം ഇഷ്ട വിനോദം ആക്കിയത്.
കോളേജ് പഠനകാലത്ത് തന്റെ മനസ്സിൽ മൊട്ടിട്ട ആഗ്രഹം അധ്യാപകനായിരുന്ന കരുനാഗപ്പള്ളിയിലെ ഡയാന ജോർജിന്റെ സഹായത്തോടെയാണ് ഇദ്ദേഹം സഫലമാക്കിയത്.
ഇലക്ട്രോണിക്സില് അടിസ്ഥാന വിവരം ഉള്ള, 12 വയസ്സ് തികഞ്ഞ, മോഴ്സ് കോഡ് പാസായ ഏതൊരാള്‍ക്കും ഹാം ആകുന്നതിനുള്ള യോഗ്യതാ പരീക്ഷക്ക് അപേക്ഷിക്കാം.
ഓരോ സംസ്ഥാനത്തും ഉള്ള വയർലെസ് മോണിറ്ററിംഗ് സ്റ്റേഷൻ വഴി നടത്തുന്ന ലഘുപരീക്ഷ പാസാകുന്നതിലൂടെയാണ് ഹാം റേഡിയോ ഓപ്പറേറ്ററുടെ ലൈസൻസ് ലഭ്യമാകുന്നത്. ബി.കോം ബിരുദധാരിയായ ഡെമാന്സ്റ്റന് ഇലക്ട്രോണിക് രംഗത്തെ അഭിരുചിയുടെ അടിസ്ഥാനത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റർ എന്ന നിലയിലേക്ക് ഉയർന്നത്.
കഴിഞ്ഞ 30 വർഷത്തിലേറെയായി വളരെ സുരക്ഷിതമായ നിലയിൽ ഗവൺമെന്റിന്റെ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ മഹാ വിനോദത്തിൽ ഇദ്ദേഹം ഏർപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഓഖി ദുരന്തത്തിൽ കടലിൽ അകപ്പെട്ട ആറുബോട്ടുകളിലെ യാത്രികരെ തിരികെ കൊണ്ടുവരാൻ കൊല്ലം ജില്ലാ കളക്ടർ ഇദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു. അവരെ സുരക്ഷിതമായി കരയിൽ എത്തിക്കാൻ ഹാം റേഡിയോ വഴിയുള്ള ഇടപെടൽ സഹായകമാവുകയും ചെയ്തതത് ജീവിതത്തിലെ ഏറ്റവും വലിയ സേവന നേട്ടമായി ഇദ്ദേഹം കരുതുന്നു.
ദുരന്തനിവാരണ മേഖലയിലെ സേവനത്തിന് ജില്ലാ കളക്ടറുടെ സേവന പ്രശംസ പത്രവും ഇദ്ദേഹം നേടിയിട്ടുണ്ട്. ബഹിരാകാശ പേടകത്തിലുള്ളവരുമായി നടത്തിയ ആശയ ആശയ വിനിമയത്തെ തുടർന്ന് പേടകത്തിൽ നിന്നും ബഹിരാകാശ സഞ്ചാരികൾ അയച്ച ചിത്രങ്ങൾ സ്വീകരണ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വീടിനു മുകൾനിലയിലെ സുരക്ഷിത മുറിയിൽ എല്ലാ അനുബന്ധ ഉപകരണങ്ങളും ഭദ്രമായി ക്രമീകരിച്ചിരിക്കുന്നത് തന്നെ ഇത്തരം വിനോദങ്ങളോട് ഇദ്ദേഹത്തിനുള്ള ഇഷ്ടം പ്രകടമാക്കുന്നതാണ്.
വാർത്ത വിനിമയത്തിനായി വിവിധ ഘട്ടങ്ങളിൽ മുമ്പ് ഉപയോഗിച്ച ടെലക്സ്, ഇലക്ട്രോണിക് ടൈപ്പ് റൈറ്റിംഗ് മെഷീന്, ഫാക്സ് തുടങ്ങി ഒട്ടേറെ ഉപകരണങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഇദ്ദേഹത്തോടൊപ്പം സൂക്ഷിപ്പു മുറിയിൽ ഉണ്ട്.
ലോകത്തിലെ മിക്ക ഹാമുകളുമായി കൂടുതൽ സംസാരിച്ചതിനുള്ള ബഹുമതിയും, നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ലഭിച്ച സിഗ്നലുകൾ ഡീകോഡ് ചെയ്തു സാക്ഷ്യപ്പെടുത്തിയതിനാൽ ഇൻറർനാഷണൽ സ്പേസ് സ്റ്റേഷന്റെ എസ്.എസ്.ടി വി അവാർഡും ലഭ്യമായിട്ടുണ്ട്. തഴവ പഞ്ചായത്ത് സെക്രെട്ടറി ആയ എം .റുബീന ആണു ഭാര്യ. മക്കള്‍ :ഡസ്റ്റീന, ഡന്സിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.