ഡെങ്കിപ്പനി വർധിക്കുന്നു; ആശങ്ക
text_fieldsകരുനാഗപ്പള്ളി: ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിട്ടും കുലശേഖരപുരത്ത് ഡെങ്കിപ്പനി വ്യാപനം തുടരുന്നത് ആശങ്ക ഉയർത്തുന്നു. നേരത്തെ ഇരുപത് പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത പഞ്ചായത്തിൽ ഇപ്പോൾ മുപ്പതിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ സ്ഥിതി അപകടകരമാണെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
പഞ്ചായത്തിലെ സാഹചര്യം പരിഗണിച്ച് ഞായറാഴ്ച പോലും ആരോഗ്യ പ്രവർത്തകർ അവധി ഉപേക്ഷിച്ച് വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ എസ്. സൂരജിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ ഉൾനാടൻ മേഖലകളിലുൾപ്പെടെ ഉച്ചഭാഷിണി ഉപയോഗിച്ച് ജാഗ്രതാ നിർദേശം നൽകി.
കുടുംബശ്രീ യൂനിറ്റുകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ കൊതുക് ഉറവിട സ്ഥലങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
താലൂക്കിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സാംക്രമിക രോഗങ്ങൾ വളരെ വേഗം വ്യാപകമാകുവാൻ സാധ്യതയുള്ള പ്രദേശമായാണ് ആരോഗ്യ പ്രവർത്തകർ കുലശേഖരപുരത്തിനെ പരിഗണിക്കുന്നത്. ഉയർന്ന ജനസാന്ദ്രതയുള്ള ഇവിടെ പൊതുജനങ്ങളുടെ പൂർണ സഹകരണത്തോടെ മാത്രമേ ഡെങ്കി നിയന്ത്രണ വിധേയമാക്കുവാൻ കഴിയുകയുള്ളുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.