കരുനാഗപ്പള്ളി താലൂക്കാശുപത്രി വികസനം: ഒന്നാംഘട്ടം പൂർത്തിയായി
text_fieldsകരുനാഗപ്പള്ളി: താലൂക്കാശുപത്രി വികസനത്തിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട നിർമാണം പൂർത്തിയായി. രണ്ടാംഘട്ടം വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിലുണ്ടായിരുന്ന രണ്ടു നിലകളുടെ മുകളിൽ രണ്ടുനില കൂടി നിർമിച്ചാണ് ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കിയത്. ഐ.ആർ.ഇയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് 84 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ഐ.സി യൂനിറ്റും പ്രവർത്തന സജ്ജമായി. 15 യൂനിറ്റാണ് ഇതിലുള്ളത്. സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച 15 കിടക്കകളുള്ള കാൻസർ വാർഡും പൂർത്തിയായി. നിലവിൽ നീണ്ടകര കാൻസർ കെയർ സെന്ററിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി ഇവിടെ ലഭ്യമാകും.
പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ മാറ്റി സ്ഥാപിക്കുന്ന അത്യാഹിത വിഭാഗത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം നഗരസഭയുടെ നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുന്നു. ഒന്നാം ഘട്ടമായി പൂർത്തിയായ കെട്ടിടത്തിൽ മെയിൽ, ഫീമെയിൽ വാർഡ്, മെഡിക്കൽ വാർഡ്, സർജിക്കൽ വാർഡ്, ലാബ്, ആശുപത്രി സൂപ്രണ്ടിന്റെയും നഴ്സിങ് സൂപ്രണ്ടിന്റെയും ഓഫിസ് എന്നിവ പ്രവർത്തനം തുടങ്ങി. ഏറ്റവും മുകളിലായി ആധുനിക ഓപറേഷൻ തിയറ്റർ സംവിധാനവുമൊരുക്കും. ഐ.സി യൂനിറ്റ് ഉൾപ്പെടെയുള്ള ഒന്നാംഘട്ട നിർമാണത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.
രണ്ടാംഘട്ടമായി നിർമാണം പുരോഗമിക്കുന്ന ഒമ്പതു നില കെട്ടിടത്തിൽ മൂന്നുനിലകൾ പൂർണമായും ഒ.പി സംവിധാനത്തിനായി മാറ്റിവെക്കും. ഇതോടെ ഒ.പി വിഭാഗത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കും തിരക്കും അസൗകര്യങ്ങളും പൂർണമായും ഒഴിവാകും. 50 ഓളം മുറികൾ അടങ്ങിയ പേ വാർഡും ഇവിടെ സജ്ജീകരിക്കും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് എം.എൽ.എയായിരുന്ന ആർ. രാമചന്ദ്രൻ മുൻകൈയെടുത്ത് താലൂക്കാശുപത്രിയുടെ സമഗ്ര വികസനത്തിനായി കിഫ്ബിയിൽ നിന്നനുവദിച്ച 69 കോടി രൂപ വിനിയോഗിച്ചാണ് 1,15,000 സ്ക്വയർ ഫീറ്റ് കെട്ടിട സമുച്ചയം പൂർത്തിയാക്കുന്നത്. ഒന്നാം ഘട്ടത്തിൽ പൂർത്തിയായ കെട്ടിടവും സുനാമി ബിൽഡിങ് നിൽക്കുന്ന സ്ഥലത്തുനിന്ന് പടിഞ്ഞാറോട്ട് ഒമ്പത് നിലയിലായി നിർമിക്കുന്ന കെട്ടിടവും തമ്മിൽ മൂന്നാമത്തെ നിലയിൽ ബന്ധിപ്പിക്കും. ബന്ധിപ്പിക്കുന്ന ഇടനാഴി കൂട്ടിരിപ്പുകാർക്കും മറ്റും വിശ്രമിക്കാനുള്ള സ്ഥലമാക്കും. പുതിയ ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ നിർമിക്കുന്ന സർവിസ് റോഡിലൂടെയാകും ആശുപത്രിയിലേക്കുള്ള പ്രധാന പ്രവേശന കവാടം.
ഗ്രീൻ ബിൽഡിങ് സാങ്കേതിക വിദ്യയാണ് നിർമാണത്തിന് ഉപയോഗിക്കുക. ദുരന്തഘട്ടങ്ങളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ കഴിയുന്നതരത്തിലാണ് രൂപകൽപന. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനുവേണ്ടി തിരുവനന്തപുരം എം.ജി.എം ആർക്കിടെക്ടാണ് രൂപരേഖ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.