കരുനാഗപ്പള്ളിയിൽ വൻലഹരി വേട്ട: എം.ഡി.എം.എയുമായി രണ്ടു വിദ്യാർഥികൾ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: ലഹരി മരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു വിദ്യാർഥികൾ അറസ്റ്റിലായി. ശാസ്താംകോട്ട ആയിക്കുന്നം അഖിൽ ഭവനത്തിൽ എം. അഖിൽ (22-കണ്ണൻ), ശാസ്താംകോട്ട പോരുവഴി മുതുപിലാക്കാട് വെസ്റ്റ് ഭരണിക്കാവ് കിഴക്കതിൽ ബി. അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി വവ്വാക്കാവിലെ ബസ് സ്റ്റോപ്പിൽനിന്നാണ് ഇരുവരും പിടിയിലായത്. അഖിൽ ബംഗളൂരുവിൽ ലോജിസ്റ്റിക് വിദ്യാർഥിയും അഭിജിത്ത് ബംഗളൂരു രാമയ്യ കോളജിൽ ബി.ടെക് വിദ്യാർഥിയുമാണ്.
ബംഗളൂരുവിൽനിന്ന് ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ചു വിതരണം ചെയ്യുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും. അന്തർസംസ്ഥാന ബസിൽ കർണാടകയിൽനിന്ന് തിരിച്ചെത്തിയ ഇരുവരെയും വവ്വാക്കാവിൽ ഡാൻസാഫ് ടീമും കരുനാഗപ്പള്ളി പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
യുവാക്കൾ ധരിച്ചിരുന്ന വസ്ത്രത്തിലും ഷോൾഡർ ബാഗിലും ഒളിപ്പിച്ച നിലയിൽ 7.95 ഗ്രാം എം.ഡി.എം.എയും 14.90 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കുറേ നാളുകളായി ജില്ലയിലെ ലഹരി ഉൽപന്നങ്ങളുടെ വിതരണ ശൃംഖല തകർക്കുന്നതിന് പൊലീസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെ പിടികൂടാൻ കഴിഞ്ഞത്. ഉപയോഗിച്ചാൽ ബുദ്ധിഭ്രമം പോലും സംഭവിക്കുന്നതരം സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട എം.ഡി.എം.എ ആണ് ഇവരിൽനിന്നു പിടികൂടിയത്.
പിടികൂടിയ എം.ഡി.എം.എ ചില്ലറ വിൽപനക്കായി എത്തിച്ചതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കരുനാഗപ്പള്ളി അസി. കമീഷണർ വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ കരുനാഗപ്പള്ളി എസ്.ഐമാരായ ഷെമീർ, ശരത്ചന്ദ്രൻ, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ മനു, സീനു, സജു, രിപു, രതീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.