കായൽ കൈയേറ്റം ഒഴിപ്പിക്കൽ: നടപടികൾ തുടങ്ങി
text_fieldsകരുനാഗപ്പള്ളി: പള്ളിക്കലാർ, വട്ടക്കായൽ, ടി.എസ് കനാൽ തുടങ്ങിയ ജലാശയങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിക്ക് നഗരസഭയിൽ തുടക്കമായി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് കരുനാഗപ്പള്ളി നഗരസഭ, റവന്യൂ, സർവേ വിഭാഗം എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ നടപടികൾ തുടങ്ങിയത്.
കായൽ പുറമ്പോക്കും പുറമ്പോക്ക് ഭൂമിയും പ്രത്യേകം സർവേയിലൂടെ കണ്ടെത്തിയ ശേഷം കല്ലുകൾ സ്ഥാപിക്കുന്ന നടപടികളാണ് തുടങ്ങിയത്. കന്നേറ്റി പാലത്തിന് തെക്കുഭാഗത്തുനിന്ന് ശനിയാഴ്ച രാവിലെ സർവേ നടപടികൾ ആരംഭിച്ചു.
പുറമ്പോക്കിൽ ആദ്യ കല്ല് സ്ഥാപിച്ച് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു നടപടികൾക്ക് തുടക്കം കുറിച്ചു. നഗരസഭ സെക്രട്ടറി എ. ഫൈസൽ, തഹസിൽദാർ (എൽ.ആർ) ആർ. സുശീല, ഡെപ്യൂട്ടി തഹസിൽദാർ സാദത്ത്, വില്ലേജ് ഓഫിസർ എ. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. പള്ളിക്കലാർ പതിക്കുന്ന ചന്ത കായൽ, കന്നേറ്റി കായൽ, വട്ടക്കായൽ, ടി.എസ് കനാൽ എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് റിങ് റോഡിനും വിനോദസഞ്ചാരത്തിനുമായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.
കോടതി ഉത്തരവ് പ്രകാരമുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും സർവേയിലൂടെ കണ്ടെത്തുന്ന കൈയേറ്റ ഭൂമി നഗരസഭ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഉപയോഗിക്കുന്നത് ഉൾപ്പെടെ കാര്യങ്ങൾ പിന്നീട് ആലോചിക്കുമെന്നും നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സെക്രട്ടറി എ. ഫൈസൽ എന്നിവർ പറഞ്ഞു. ദിവസങ്ങൾക്കകം ൈകയേറ്റങ്ങൾ കണ്ടെത്തി കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.