കാടുനിറഞ്ഞ പാത കുടുംബങ്ങൾക്ക് ഭീഷണിയാകുന്നു
text_fieldsഇടപ്പള്ളിക്കോട്ട പള്ളിമുക്ക് മുതൽ കൊതുകുമുക്ക് വരെയുള്ള പാത കാടുപിടിച്ച നിലയിൽ
കരുനാഗപ്പള്ളി: പന്മനയിലെ 150 ലേറെ കുടുംബങ്ങള്‍ക്ക് പടര്‍ന്നുകയറിയ കാട് വകഞ്ഞുമാറ്റി വീടുകളിലെത്തേണ്ട ഗതികേട്. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റെയിൽവേ ലൈനിനും പരിസരവുമാണ് കാടുകയറിയത്. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും സങ്കേതമാണിവിടം.
കമ്പനിയിലേക്ക് ട്രെയിന്‍ വഴി സാധനങ്ങള്‍ എത്തിക്കാൻ മൂന്ന് പതിറ്റാണ്ടുമുമ്പ് സ്ഥാപിച്ച ഈ ലൈന്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമാണ്. റെയില്‍വേ പാതയുടെ വശങ്ങളിലുള്ള വഴികളാണ് ദുർഘടമായി ജനസഞ്ചാരം ദുരിതമാക്കുന്നത്.
ഇടപ്പള്ളിക്കോട്ട പള്ളിമുക്ക് മുതൽ കൊതുകുമുക്ക് വരെയുള്ള പാതയാണ് മാസങ്ങളായി കാടുപിടിച്ചുകിടക്കുന്നത്. കാട് വെട്ടിമാറ്റാന്‍ പഞ്ചായത്ത് മെംബറുടെ നേതൃത്വത്തില്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല. നിരവധി തവണ പന്മന പഞ്ചായത്ത് മെംബർ കുഞ്ഞുമണി കമ്പനിയെ വിവരം ധരിപ്പിച്ചിട്ടും അധികൃതരില്‍നിന്ന് ഒരു പ്രതികരണവും ഇല്ല.
റെയിൽവേ ലൈനിന്റെ രണ്ടുവശവും നൂറുകണക്കിന് വീട്ടുകാരാണ് താമസിക്കുന്നത്. തെരുവുനായ്ക്കളുടെയും പാമ്പുകൾക്കുമിടയിലൂടെയാണ് സ്കൂള്‍കുട്ടികള്‍ അടക്കം നൂറുകണക്കിനാളുകളുടെ സഞ്ചാരം.
കമ്പനി ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കേണ്ട ഈ വഴി വാർഡ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് തുച്ഛമായ വേതനത്തില്‍ വൃത്തിയാക്കാമെന്ന് അറിയിച്ചിട്ടും കമ്പനി തയാറാകുന്നില്ല. ദുരവസ്ഥക്കെതിരെ ജനങ്ങൾ കമ്പനിപടിക്കല്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.