മുക്കുപണ്ടം ഉപയോഗിച്ച് തട്ടിപ്പ്; അന്തർസംസ്ഥാന സ്വർണ തട്ടിപ്പുകാരൻ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: മുക്കുപണ്ടം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറികളിൽ ഉൾപ്പെടെ തട്ടിപ്പ് നടത്തിയയാൾ പൊലീസ് പിടിയിൽ. മധ്യപ്രദേശ് ഇൻഡോർ സുധാമാനഗർ സെക്ടർ ഇയിൽ അങ്കിത് സോണി (32)യെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രമുഖ ജ്വല്ലറിയുടെ തിരുവനന്തപുരം ശാഖയിൽ നിന്ന് വ്യാജ സ്വർണം നൽകി ഒറിജിനൽ സ്വർണം വാങ്ങി കബളിപ്പിച്ച് കടക്കുകയായിരുന്നു ഇയാൾ. മുക്കുപണ്ടത്തിൽ യഥാർഥ സ്വർണം കൊണ്ടുള്ള കൊളുത്ത് പിടിപ്പിച്ചാണ് പരിശോധനക്ക് നൽകിയത്. ജ്വല്ലറി ജീവനക്കാർ ഈ കൊളുത്താണ് കല്ലിൽ ഉരച്ച് നോക്കി പരിശോധിച്ചത്.
തുടർന്ന് ആഭരണം കൈമാറി പകരം 21.5 ഗ്രാം തൂക്കമുള്ള സ്വർണാഭരണം വാങ്ങിയ പ്രതി ഉടൻ കാറിൽ സംഭവസ്ഥലത്ത് നിന്ന് കടന്നു. ഇയാൾ പോയ ശേഷം നടത്തിയ വിശദ പരിശോധനയിലാണ് ആഭരണം മുക്കുപണ്ടമാണെന്ന് മനസ്സിലായത്. ഉച്ചയോടെ ഇതേ ജ്വല്ലറിയുടെ കൊല്ലത്തെ ശാഖയിലും സമാനമായ തട്ടിപ്പിന് ശ്രമിച്ചു. ഇയാളുടെ പെരുമാറ്റത്തിൽ ജീവനക്കാർക്ക് സംശയം തോന്നിയെങ്കിലും പിടികൂടും മുമ്പ് പ്രതി കടന്ന് കളയുകയായിരുന്നു. പിന്തുടർന്നെത്തിയ ജ്വല്ലറി ജീവനക്കാർ കരുനാഗപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കരുനാഗപ്പള്ളിയിലെ ജ്വല്ലറിയിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 20 പവന്റെ ഒറിജിനൽ സ്വർണവും 25 പവനോളം മുക്കുപണ്ടവും വ്യാജ ഐ.ഡി കാർഡുകളും കണ്ടെടുത്തു. വിവിധ ജ്വല്ലറികളിൽ മുക്കുപണ്ടം നൽകിയശേഷം ബി.ഐ.എസ് ഹാൾമാർക്കോടുകൂടിയ ഒറിജിനൽ സ്വർണാഭരണങ്ങൾ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നതെന്നും ഇത്തരത്തിൽ പല പ്രമുഖ ജ്വല്ലറികളിലടക്കം തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിർദേശാനുസരണം സ്റ്റേഷൻ ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷമീർ, ഗ്രേഡ് എസ്.ഐ സജികുമാർ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ രാജീവ് കുമാർ, സി.പി.ഒമാരായ ഹാഷിം, പ്രശാന്ത്, ബഷീർ ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.