മധ്യസ്ഥതക്കെത്തിയ വികലാംഗനായ മുൻ കൗൺസിലർക്കു നേരെ ഗുണ്ടാ ആക്രമണം
text_fieldsകൊട്ടാരക്കര: കട ഒഴിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മധ്യസ്ഥത പറയാനെത്തിയ വികലാംഗനായ മുൻ കൊട്ടാരക്കര നഗരസഭാ കൗൺസിലർക്ക് നേരെ ഗൂണ്ടാ ആക്രമണം. തടസ്സം പിടിക്കാനെത്തിയ സ്ഥലവാസിയേയും തല്ലിച്ചതച്ചു.
മുൻ നഗരസഭ കൗൺസിലർ പുലമൺ സുരഭിനഗർ ചരുവിള പുത്തൻ വീട്ടിൽ സുരേഷ് (54), അതിരാഭവനിൽ അമ്പിളി (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷിന്‍റെ പല്ലുകൾ നഷ്ടമാവുകയും ശരീരമാസകലം മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. അമ്പിളിയുടെ തലക്കും കൈകാലുകൾക്കും പരിക്കേറ്റു.
ഇപ്പോൾ തിരുവനന്തപുരത്ത് താമസിച്ചു വരുന്ന പുലമൺ കോളജ് വാർഡിലുള്ള സാജനും സംഘവുമാണ് തങ്ങളെ ആക്രമിച്ചതെന്ന് സുരേഷ് പറഞ്ഞു.
സാജൻറെ ഉടമസ്ഥതയിലുള്ള കോളജ് ജംഗ്ഷനിലെ സ്ഥലത്ത് പ്രദേശവാസികളായ ഹനീഫയും കൊച്ചു ചെറുക്കും കടകൾ നടത്തിയിരുന്നു. ഡെപ്പോസിറ്റും വാടകയും നൽകി 35 വർഷത്തോളമായി ഇവർ ഇവിടെ കച്ചവടം നടത്തുന്നു.
അടുത്ത കാലത്ത് കടകൾ ഒഴിയണമെന്ന് സാജൻ ആവശ്യപ്പെട്ടിരുന്നു. ഡെപ്പോസിറ്റ് തിരികെ നൽകിയാൽ കടകൾ ഒഴിയാമെന്ന് നടത്തിപ്പുകാർ സമ്മതിച്ചിരുന്നു. ഇന്നലെ സാജൻ തിരുവനന്തപുരത്തു നിന്ന് ചില ഗുണ്ടകളുമായെത്തി കടക്കും കച്ചവടക്കാർക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഇത് പരിഹരിക്കാൻ ചെന്നപ്പോഴാണ് സുരേഷിനു നേരെ ആക്രമണമുണ്ടായത്. സുരേഷ് നിലത്തു വിണപ്പോൾ താങ്ങാനെത്തിയ അമ്പിളിയെയും ആക്രമിക്കുകയായിരുന്നു. ഇരുവരുടെയും പരാതികളിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. പ്രതികൾക്കായി തെരച്ചിലാരംഭിച്ചു. സി.പി.ഐ പ്രവർത്തകനാണ് മർദനമേറ്റ മുൻ കൗൺസിലർ സുരേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.