വികസനം തേടുന്ന പൊതുവിദ്യാലയങ്ങൾ
text_fieldsസർക്കാർ വിദ്യാലയങ്ങൾക്ക് സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പലതും ഉപയോഗപ്രദമാകുന്നില്ല. അധ്യയനമാരംഭിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത സ്കൂളുകൾ നിരവധിയാണ്. കരുനാഗപ്പള്ളി താലൂക്കിലെ സർക്കാർ വിദ്യാലയങ്ങളുടെ ശോച്യാവസ്ഥ തുറന്നുകാട്ടുകയാണ് പരമ്പരയിലൂടെ...
കരുനാഗപ്പള്ളി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയാണ് ആണുവേലില്‍ ഗവ.യു.പി സ്കൂള്‍. മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ മലയാളം-ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി 250ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഓട്ടിസം ബാധിച്ച 40 കുട്ടികള്‍ പഠിക്കുന്ന ഏകകേന്ദ്രവും ഈ സ്കൂളില്‍ തന്നെ.
എന്നാൽ, ആധുനിക സൗകര്യങ്ങളുള്ള ക്ലാസ് മുറികളോ കെട്ടിടങ്ങളോ ഇല്ല. കളിസ്ഥലവും അന്യമാണ്. ഐ.ടി വിദ്യാഭ്യാസം കുട്ടികള്‍ക്ക് കാര്യക്ഷമമായി നല്കാനുതകുന്ന ഒരു സ്മാര്‍ട്ട് ക്ലാസ് റൂം പോലും ഇവിടെയില്ല. ഓടുകള്‍ മേഞ്ഞ ക്ലാസ് മുറികളില്‍ ചോര്‍ച്ച നിത്യസംഭവമാണ്.
ഒന്നേകാല്‍ ഏക്കര്‍ വിശാലതയിലുള്ള സ്കൂളിന്റെ ചുറ്റുമതിലിന് വിദ്യാലയം സ്ഥാപിതമായ വര്‍ഷത്തോളം പഴക്കമുണ്ട്. മതിലിന്റെ മിക്ക ഭാഗങ്ങളും ഇടിഞ്ഞ് നിലം പതിക്കാവുന്ന സ്ഥിതിയാണ്. ചുറ്റുമതില്‍ നിർമാണത്തിനായി നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതോടെ സാമൂഹിക വിരുദ്ധശല്യവും തെരുവ് നായ് ശല്യവും രൂക്ഷമാണ്.
ഉച്ചഭക്ഷണം തയാറാക്കുന്ന അടുക്കള തകർന്നിട്ട് വര്‍ഷങ്ങളായി. മലിനജലം ഒഴുക്കിവിടാനും സൗകര്യമില്ല. സ്റ്റോര്‍ റൂമിന്റെ അഭാവത്താൽ ഉച്ചഭക്ഷണത്തിനുള്ള അരിയും സാധനങ്ങളും സൂക്ഷിക്കുന്നത് സ്റ്റാഫ് റൂമിലാണ്. കുട്ടികള്‍ക്കായുള്ള നാല് ശുചിമുറികളും ഉപയോഗശൂന്യമാണ്.
പ്രധാന കുടിവെള്ളസ്രോതസ്സായ പഴക്കംചെന്ന കിണർ പുനരുദ്ധാരണം കാത്തുകഴിയാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കുടിവെള്ളം ടെസ്റ്റ് ചെയ്തു ഗുണമേന്മ ഉറപ്പു വരുത്തിയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. മെച്ചപ്പെട്ട കുടിവെള്ള സംവിധാനവും ആവശ്യമാണ്.
പ്രവര്ത്തനയോഗ്യമല്ലെന്ന്കണ്ട് 75 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകിയിരിക്കുകയാണ് എൻജിനീയറിങ് വിഭാഗം. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് ക്ലാസ് മുറികൾ പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാൻ ഡോ. സുജിത് വിജയന് പിള്ള എം.എൽ.എ ഒരു കോടി രൂപ അനുവദിച്ചതാണ് ഏക ആശ്വാസം. നാല് വര്‍ഷമായിട്ടും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപ പോലും പഞ്ചായത്ത് അനുവദിച്ചിട്ടില്ല.
അനുവദിക്കപ്പെട്ട പുതിയ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികള്‍ മാത്രമേ നിർമിക്കാന്‍ കഴിയൂ. പുതിയ ഫണ്ടുകള്‍ അനുവദിച്ചാല്‍ മാത്രമേ സൗകര്യപ്രദമായനിലയില് സ്കൂളിന്റെ ആവശ്യാനുസരണം കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്ന് പ്രഥമ അധ്യാപിക എം. റഷിയത്ത് ബീവിയും എസ്.എം.സി പ്രസിഡന്റ് ഉണ്ണികൃഷ്ണ കുറുപ്പും പറഞ്ഞു.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പ്രഥമാധ്യാപികയുടെ നേതൃത്വത്തില്‍ അധ്യാപകരും എസ്.എം.സി അംഗങ്ങളും യോജിച്ച് നടത്തിയ ഗൃഹസന്ദര്‍ശനവും ബോധവത്കരണവും ഫലം കണ്ടു. കൂടുതല്‍ കുട്ടികളെ പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും എത്തിക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും അവര്‍ പറഞ്ഞു.
സ്കൂളിന്റെ ഉയര്‍ച്ചക്കായി ഒറ്റക്കെട്ടായി തന്നെ അധ്യാപകരും രക്ഷാകര്‍ത്താക്കളും നാട്ടുകാരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.