ഹനയെതേടി 'പ്രതിഭാമരം' എത്തി
text_fieldsകരുനാഗപ്പള്ളി: മാനവികതയുടെയും മതസൗഹാർദത്തിെൻറയും സംഗീതവിസ്മയമായി സമൂഹമാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്ന ഹനഫാത്തിമിനെ തേടി 'പ്രതിഭാമരം' പട്ടവും വീട്ടിലെത്തി. സംസ്ഥാന അധ്യാപക, സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് എൽ. സുഗതൻ നേതൃത്വം കൊടുക്കുന്ന തികച്ചും വ്യത്യസ്തമായ പരിപാടിയായ പ്രതിഭാമരം പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്നാമത്തെ കുട്ടി പ്രതിഭയാണ് ഹനഫാത്തിം.
കരുനാഗപ്പള്ളി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാന്ന് ഹന. നാലാം ക്ലാസ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ ഈ കൊച്ചുമിടുക്കി പണ്ഡിറ്റ് ദത്താത്രേയ വാലങ്കാറിെൻറ ശിക്ഷണത്തിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്. ഇപ്പോൾ സബീഷ് ബാലുവിെൻറ ശിക്ഷണത്തിലാണ് ഹിന്ദുസ്ഥാനി പഠിക്കുന്നത്. സുരേന്ദ്രെൻറ ശിക്ഷണത്തിൽ കർണാടിക് സംഗീതം അഭ്യസിക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം ഉൾപ്പെടെ നിരവധി സംഗീത മത്സര വേദികളിൽ മികവാർന്ന പ്രകടനം കാഴ്ചെവച്ച പ്രതിഭയാണ് ഹന. ഈ അടുത്ത സമയത്ത് സ്റ്റുഡിയോയുടെ പശ്ചാത്തലത്തിൽ പാടിയ 'തുളസിക്കതിർ നുള്ളിയെടുത്ത് കണ്ണന്നൊരു മാലക്കായ്...' എന്ന് തുടങ്ങുന്ന ഹിന്ദു ഭക്തിഗാനം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടതും ഷെയർ ചെയ്തതും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ സമൂഹത്തിലെ പ്രതിഭകളായ കുട്ടികൾക്ക് കൂടുതൽ പിന്തുണയും പ്രോത്സാഹനവും നൽകി, അവരുടേതായ മേഖലകളിൽ കൂടുതൽ കഴിവുള്ളവരാക്കി മാറ്റിയെടുക്കുക എന്ന ആശയത്തോടൊപ്പം അവരെ കൊണ്ട് തന്നെ വീട്ടുമുറ്റത്ത് ഫല വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് അതിനെ പരിപാലിച്ച് പരിസ്ഥിതി സംരക്ഷകരാക്കി മാറ്റുക എന്ന ലക്ഷ്യമാണ് പ്രതിഭാമരം പദ്ധതിയുടേത്.
ഓരോ പ്രതിഭയും തങ്ങളുടെ മേഖലയിൽ എത്ര ഉയരങ്ങളിൽ എത്തുമ്പോഴും ഈ പ്രപഞ്ചത്തെയും അതിലുള്ള സകല ജീവജാലങ്ങളെയും സമഭാവനയോടെയും കാരുണ്യത്തോടെയും കാണാൻ കഴിയണമെന്നും എൽ. സുഗതൻ അഭിപ്രായപ്പെട്ടു .
ഹന ഫാത്തിമിെൻറ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കടവിക്കാട്ട് മോഹൻ അധ്യക്ഷത വഹിച്ചു. എൽ. സുഗതൻ പദ്ധതി വിശദീകരണവും അനുമോദന ചടങ്ങുകളും ഉദ്ഘാടനം ചെയ്തു. ഹന ഫാത്തിമിന് 'പ്രതിഭാമര പട്ടം' നൽകി ആദരിച്ചു. പൊതുപ്രവർത്തകനും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൂടിയായ നജീം മണ്ണേൽ, പഞ്ചായത്ത് അംഗങ്ങളായ നാസർ പടവിക്കണ്ടത്ത്, ബിന്ദു രാമചന്ദ്രൻ, അമ്പിളി ദേവി, പൊതു പ്രവർത്തകനായ സി.എം. ഷെരീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.