ആരോഗ്യം കാക്കാൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻററുകൾ; ഉദ്ഘാടനം 21ന്
text_fieldsകരുനാഗപ്പള്ളി: നഗരസഭ നിവാസികളുടെ ആരോഗ്യം കാക്കാൻ കരുനാഗപ്പള്ളി നഗരസഭയിൽ മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ പ്രവർത്തനം തുടങ്ങുന്നു. ആലപ്പാട് ഒന്നാം ഡിവിഷൻ, മാൻനിന്നവിള 29ാം ഡിവിഷൻ, ചെമ്പകശ്ശേരിൽക്കടവ് 20ാം ഡിവിഷൻ എന്നിവിടങ്ങളിലാണ് സെന്ററുകൾ തുടങ്ങുന്നത്.
21ന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തുല്യമായ സേവനങ്ങളാണ് ഓരോ വെൽനസ് സെൻററിൽനിന്ന് ലഭിക്കുക. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ (ജെ.എച്ച്.ഐ), ക്ലീനിങ് സ്റ്റാഫ് എന്നീ ജീവനക്കാരാണ് ഉണ്ടാകുക. മൂന്നിടങ്ങളിലുമായി 15 ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളും പൂർത്തിയായിവരുന്നു.
എൻ.ആർ.എച്ച്.എമ്മിന്റെ സഹായത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുടങ്ങുന്നത്. താലൂക്കാശുപത്രിയുടെ സേവനം കൂടാതെ, നഗരസഭയുടെ മറ്റു മേഖലകളിലും ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെൻററുകൾ തുടങ്ങുന്നത്. ഓരോ പ്രദേശത്തിന്റെയും ആവശ്യകതകൂടി പരിഗണിച്ച് ഭാവിയിൽ അർബൻ പോളിക്ലിനിക്കുകളായി ഉയർത്താനും കഴിയും.
ഇതോടെ സ്പെഷാലിറ്റി ഡോക്ടർമാരുടെ ഉൾപ്പെടെ സേവനവും ഇവിടെ ലഭ്യമാക്കാനാവുമെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ. പി. മീന എന്നിവർ പറഞ്ഞു.
വെൽനസ് സെൻററുകൾക്കായി നഗരസഭയുടെ നേതൃത്വത്തിൽ കെട്ടിടങ്ങൾ കണ്ടെത്തി അവ പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടാതെ തുറയിൽകുന്നിൽ പ്രവർത്തിക്കുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്.
താലൂക്കാശുപത്രിയിൽ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കെട്ടിട നിർമാണവും പുരോഗമിക്കുകയാണ്. ഒന്നാം ഘട്ടത്തിൽ നിർമാണം പൂർത്തിയായ കെട്ടിടത്തിൽ ഐ.സി യൂനിറ്റും കാൻസർ സെന്ററും പ്രവർത്തന സജ്ജമായി. ഐ.ആർ.ഇയുടെ സി.എസ്.ആർ ഫണ്ടിൽനിന്ന് 84 ലക്ഷം രൂപ ചെലവഴിച്ചാണ് ഐ.സി യൂനിറ്റ് സജ്ജമാക്കിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് കാൻസർ സെന്റർ നിർമിച്ചത്. ഇവയുടെ ഉദ്ഘാടനവും 21ന് മന്ത്രി വീണ ജോർജ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.