കാര്യം എന്തായാലും കുലശേഖരപുരത്ത് കൈമടക്കില്ല
text_fieldsകരുനാഗപ്പള്ളി: സമൂഹത്തിലെ ദരിദ്രവിഭാഗത്തിൽപെട്ടവർ മുതൽ സമ്പന്നർ വരെയുള്ളവർ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ സാധിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കൈമടക്ക് കൊടുക്കേണ്ടിവരുമെന്ന പൊതുരീതി പലയിടത്തും ഇന്നും നാട്ടുനടപ്പ് പോലെ തുടരുകയാണ്. എന്നാൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ ആവശ്യം എന്തായിരുന്നാലും ഉദ്യോഗസ്ഥർക്ക് ഒരു രൂപ പോലും കൈമടക്ക് കൊടുക്കേണ്ട ആവശ്യമില്ല.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുതൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് വരെയുള്ളവർ ഗ്രാമവാസികളിൽ നിന്നും ഒരു സേവനത്തിന്റെ പേരിലും കൈമടക്ക് വാങ്ങില്ല എന്ന് മാത്രമല്ല ആരെങ്കിലും പൈസ വെച്ച് നീട്ടിയാൽ ഭയപ്പെടുകകൂടി ചെയ്യുമെന്നുള്ളതാണ് ഈ ഓഫിസിലെ കീഴ്വഴക്കം. ഒരു നാട് 27 വർഷമായി കർശനമായി തുടരുന്ന കീഴ്വഴക്കമാണിത്. 27 വർഷം മുമ്പ് 1997ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ. നാസറാണ് മാതൃകപരമായ ഈ കീഴ്വവഴക്കത്തിന് തുടക്കംകുറിച്ചത്.
1995ൽ നാസറിന്റെ നേതൃത്വത്തിലുള്ള സമിതി അധികാരത്തിൽ വരുമ്പോൾ പുതുതായി നിർമിച്ച വീടുകൾക്ക് നമ്പർ നൽകൽ, നികുതി നിശ്ചയിക്കൽ, കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകൽ, കെട്ടിടങ്ങൾക്ക് ദൂരപരിധി പരിശോധിച്ച് നമ്പർ നൽകൽ തുടങ്ങി ഓരോ ആവശ്യങ്ങൾക്കും നിശ്ചിതതുക കൈമടക്കായി നിശ്ചയിച്ചിരുന്ന ഒരു അലിഖിത നിയമമായിരുന്നു ഉണ്ടായിരുന്നത്.
ഏജന്റുമാർ വഴി ഈ പണം ഓഫിസറുടെ പക്കൽ എത്തിച്ചാൽ മാത്രമേ ദരിദ്രരായ ഗ്രാമവാസികൾക്ക് പോലും ആവശ്യം സാധിച്ചെടുക്കാൻ കഴിയുകയുള്ളൂവെന്ന ദുരവസ്ഥയിലായിരുന്നു നാട്. ഒരു ദരിദ്ര കുടുംബത്തിന്റെ വീടിന് നമ്പർ നൽകുന്നതുമായി ബന്ധപ്പെട്ട് അന്നുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങിയത് തെളിവ് സഹിതം ബോധ്യപ്പെട്ടതോടെ ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുക്കാനാണ് കമ്യൂണിസ്റ്റുകാരനായ നാസർ തീരുമാനിച്ചത്.
ഇതിനായി അടിയന്തരമായി ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കുകയും ഗ്രാമപഞ്ചായത്തംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ മുന്നിൽ ഓഫിസിലെ ടേബിളിന് മുകളിൽ സെക്രട്ടറിയെ കയറ്റി നിർത്തി പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു.
ഒരു ജനാധിപത്യ സംവിധാനത്തിന്റെ ശക്തി വ്യക്തമായ സെക്രട്ടറി നിരുപാധികം അംഗങ്ങളോട് മാപ്പപേക്ഷിക്കുകയും പിഴവ് ആവർത്തിക്കില്ലെന്ന് സത്യം ചെയ്യുകയും ചെയ്തു. ഇതോടെ കുലശേഖരപുരം ഗ്രാമപഞ്ചായത്തും നാസറെന്ന പ്രസിഡന്റും ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും കഥയായി പ്രചരിക്കുകയായിരുന്നു.
പിന്നീടിങ്ങോട്ട് ഓരോ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ വരുമ്പോഴും സഹജീവനക്കാർ സെക്രട്ടറിമാരെ കുലശേഖരപുരത്തെ കുറിച്ച് ഓർമിപ്പിക്കുന്നത് ഇത്തരത്തിലാണ്, മര്യാദകേട് വന്നാൽ മേശപ്പുറത്ത് കയറേണ്ടിവരും. അതാണ് അന്നും ഇന്നും കുലശേഖരപുരം.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പത്താം വാർഡിനെ പ്രതിനിധീകരിച്ച് 95ൽ പ്രസിഡന്റായി വന്ന നാസർ അഴിമതി രാഹിത്യ നിലപാടിന്റെ പേരിൽ നാളിതുവരെ പിന്നീട് പരാജയം മണക്കേണ്ടി വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.