ഐ.ആർ.ഇ ഖനനം; അനിശ്ചിതകാല സമരം താൽക്കാലികമായി നിർത്തിവെച്ചു
text_fieldsകരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങരയിൽ ഐ.ആർ.ഇ നടത്തുന്ന ഖനനത്തിനെതിരെ ജനകീയ സമരസമിതി നടത്തിവന്ന അനിശ്ചിതകാല സമരം മന്ത്രി പി. രാജീവ് നൽകിയ ഉറപ്പിൽ താൽക്കാലികമായി നിർത്തി. എ.എം ആരിഫ് എം.പി, സി.ആർ. മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു എന്നിവരുടെ സാന്നിധ്യത്തിൽ ആലപ്പുഴ കയർ കോർപറേഷൻ ഹാളിൽ ജനകീയ സമരസമിതി ഭാരവാഹികളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് ധാരണ.
സൂനാമി പുനരധിവാസ മേഖലയായ അയണിവേലിക്കുളങ്ങരയിലെ ഖനനം ഒഴിവാക്കണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഐ.ആർ.ഇ ഖനന നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജിയോളജിക്കൽ മൈനിങ് പ്രിൻസിപ്പൽ സെക്രട്ടറി, കലക്ടർ, കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കകം സ്ഥലം സന്ദർശിക്കും. ഐ.ആർ.ഇ നടത്തുന്ന ഖനനത്തിന്റെ നിയമവശം പരിശോധിച്ച് പ്രദേശവാസികളുടെ അഭിപ്രായം കേട്ട ശേഷം പുതുതായി എടുക്കുന്ന സ്ഥലത്ത് ഖനനം ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും ഖനനസ്ഥലം ഏറ്റെടുക്കുന്ന വ്യവസ്ഥയും വിലയും പഠന വിധേയമാക്കി നിശ്ചയിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി സമരസമിതി നേതാക്കൾ അറിയിച്ചു.
ഖനനം മൂലം തകർന്ന റോഡ് ദേശീയപാതയുടെ നിലവാരത്തിൽ പുനർനിർമിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയതായും നേതാക്കൾ അറിയിച്ചു. സമരസമിതി ചെയർമാൻ മുനമ്പത്ത് ഷിഹാബ്, ജന. കൺവീനർ ജഗത് ജീവൻ ലാലി, നേതാക്കളായ തയ്യിൽ തുളസി, ഷാജഹാൻ കുളച്ചവരമ്പേൽ, രഞ്ജിത്, എസ്.എൻ.ഡി.പി യൂനിയൻ പ്രസിസന്റ് കെ. സുശീലൻ, നഗരസഭാ കൗൺസിലർമാരായ മഹേഷ് ജയരാജ്, നിഷ, ഐ.ആർ.ഇ അധികൃതർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.