കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ
text_fieldsകരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷന്റെ വികസനം യാഥാർഥ്യമാക്കാൻ വഴിയൊരുക്കി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി എ.എം. ആരിഫ് എം.പിയുടെ നേതൃത്വത്തിൽ ഡി.ആർ.എം ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ സംഘം സ്റ്റേഷൻ സന്ദർശിച്ചു. ആലപ്പുഴ മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുന്ന കായംകുളം, ആലപ്പുഴ സ്റ്റേഷനുകളും സംഘം സന്ദർശിച്ചു. രണ്ട് സ്റ്റേഷനുകളിലും എട്ടു കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.
ടെൻഡർ നടപടി 24 ന് പൂർത്തിയാകുമെന്ന് എം.പി പറഞ്ഞു. രണ്ടാംഘട്ടമായി കരുനാഗപ്പള്ളിയെ ഉൾപ്പെടുത്താനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഷൻ വികസനം സംബന്ധിച്ചുള്ള നിർദേശം ജനപ്രതിനിധികളും സംഘടനകളും അധികൃതരെ അറിയിച്ചു.
കൂടുതൽ വരുമാനവുമുള്ള സ്റ്റേഷനുകളിലൊന്നായ കരുനാഗപ്പള്ളി ഇരുവശങ്ങളിലൂടെയും റെയിൽവേ ലൈൻ കടന്നുപോകുന്ന അപൂർവമായ ഐലൻഡ് സ്റ്റേഷനുകളിൽ ഒന്നാണ്. പ്ലാറ്റ്ഫോം നമ്പർ ഒന്നിലൂടെ കടന്നുപോകുന്ന റെയിൽവേട്രാക്ക്, ലൂപ്പ് ട്രാക്ക് ആയതിനാൽ വേഗമേറിയ പ്രധാന ട്രെയിനുകൾക്കൊന്നും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.
ലൂപ്പ് ട്രാക്ക് മാറ്റി പ്രധാന ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുക, രണ്ടാം പ്രവേശന കവാടം നിർമിക്കുക, റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കുഭാഗത്തേക്കുള്ള റോഡിന്റെ വികസനം യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു.
സ്റ്റേഷൻ വികസനത്തിന് ആവശ്യമായ തരത്തിൽ ധാരാളം ഭൂമി ഇവിടെയുണ്ടെന്നതും, ആധുനിക സൗകര്യങ്ങളോടെ കൂടുതൽ കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റ് കൗണ്ടർ, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം വർധിപ്പിക്കൽ, വൈദ്യുതി ബന്ധം ഇല്ലാതായാൽ രാത്രികാലങ്ങളിൽ ഇരുട്ടിലാകുന്ന സ്റ്റേഷനിലും പരിസരത്തും ആവശ്യമായ വെളിച്ചം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ, സ്റ്റേഷന്റെ ആധുനികവത്കരണം എന്നിവയും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ സംബന്ധിച്ച് നിർദേശം തയാറാക്കാൻ പ്രത്യേക കൺസൾട്ടൻസിയെ നിയമിക്കും.
ആലപ്പുഴ, കായംകുളം സ്റ്റേഷനുകൾക്ക് അനുവദിച്ച തുകക്ക് സമാനമായ വികസന പദ്ധതികൾ കരുനാഗപ്പള്ളിയിലും നടപ്പിലാക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഡി.ആർ.എമ്മിന്റെ പരിധിയിൽ വരാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപ്പിലാക്കാനുള്ള പരിശ്രമങ്ങൾ തുടരുമെന്നും എം.പി അറിയിച്ചു.
ഡിവിഷനൽ റെയിൽവേ മാനേജർ സച്ചിൻ ശർമ, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ജെറിൻ ജെ. ആനന്ദ്, സീനിയർ ഡിവിഷനൽ എൻജിനീയർ അരുൺ, കൊല്ലം അസി.ഡിവിഷനൽ എൻജിനീയർ മിർആർട്ടിഫ്, ഡിവിഷനൽ ഓപ്പറേഷൻ മാനേജർ ശബരീഷ് കുമാർ, സി.ആർ. മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ, നഗരസഭ കൗൺസിലർ മഹേഷ് ജയരാജ്, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ നജീബ് മണ്ണേൽ, കെ.കെ രവി, പി. സുനിൽകുമാർ, നദീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.