കരുനാഗപ്പള്ളിയുടെ വികസന നായകൻ വിടവാങ്ങി
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ പശ്ചാത്തല സൗകര്യത്തിന് കൂടുതൽ പ്രാധാന്യം നൽകിയ ആളായിരുന്നു മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ കല്ലേലിഭാഗം കളത്തിൽ വീട്ടിൽ ആർ. രാമചന്ദ്രൻ. കരുനാഗപ്പള്ളി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് അഞ്ചുവർഷം കൊണ്ട് സാധ്യമാക്കിയത്.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയെ ജനറൽ ആശുപത്രിയുടെ നിലവാരത്തിലേക്കുയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് സാധ്യമാക്കിയത്. താലൂക്കാശുപത്രിയുടെ വികസനത്തിനായി കിഫ്ബിയിൽ നിന്നും 69 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് 1,15,000 സ്ക്വയർ ഫീറ്റുള്ള കെട്ടിട സമുച്ചയമാണ് താലൂക്കാശുപത്രിയിൽ പൂർത്തിയാക്കുന്നത്.
കൂടാതെ കരുനാഗപ്പള്ളി നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റെയിൽവേ മേൽപ്പാലം സാധ്യമാക്കിയത് ആർ. രാമചന്ദ്രന്റെ കാലത്താണ്. ഇതിൽ മാളിയേക്കൽ മേൽപാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ചിറ്റുമൂല, ഇടക്കുളങ്ങര റെയിൽവേ മേൽപാലങ്ങളുടെ സ്ഥലമേറ്റെടുക്കൽ പുരോഗമിച്ചുവരുന്നു.
കൂടാതെ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള റോഡുകളാക്കി. പ്രധാന ജങ്ഷനുകളിലെല്ലാം ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. തുടങ്ങി പൂർത്തിയായതും പൂർത്തിയാകാനിരിക്കുന്നതുമായ
എണ്ണിയാലൊടുങ്ങാത്ത വികസന പ്രവർത്തനങ്ങളാണ് ആർ. രാമചന്ദ്രൻ എം.എൽ.എ ആയിരുന്ന അഞ്ചുവർഷക്കാലം മണ്ഡലത്തിന് സമ്മാനിച്ചത്. കരുനാഗപ്പള്ളി അർബൻ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.
ആർ. രാമചന്ദ്രന് ആദരാഞ്ജലി
കരുനാഗപ്പള്ളി: പൊതുപ്രവർത്തനത്തെ നെഞ്ചോട് ചേർത്ത കരുനാഗപ്പള്ളിയുടെ മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ ആർ. രാമചന്ദ്രന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് കരുനാഗപ്പള്ളിയിലെത്തിച്ച മൃതദേഹം സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിലും കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിലും പൊതുദർശനത്തിനുവെച്ചു.
എൽ.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തൊടിയൂർ കല്ലേലിഭാഗത്തുള്ള വീട്ടിലേക്ക് മൃതദേഹം വിലാപയാത്രയായി എത്തിച്ചു. എ.എം. ആരിഫ് എം.പി, സി.ആർ. മഹേഷ് എം.എൽ.എ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാധാമണി, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൻ എ. സുനിമോൾ.
സി.പി.ഐ ജില്ല സെക്രട്ടറി പി.എസ് സുപാൽ, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ പി.ആർ വസന്തൻ, പി.കെ ബാലചന്ദ്രൻ, ഏരിയ സെക്രട്ടറിമാരായ പി.കെ. ജയപ്രകാശ്, പി.ബി സത്യദേവൻ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ.
തഹസിൽദാർ പി. ഷിബു, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ ഐ. ശിഹാബ്, കൃഷ്ണകുമാർ, ആർ. സോമൻപിള്ള, ആർ. ലതാദേവി, വിജയമ്മാലി, സദാനന്ദൻ കരിമ്പാലിൽ, അബ്ദുസ്സലാം അൽഹന, കുരീപ്പുഴ മോഹനൻ, കടത്തൂർ മൻസൂർ, ബോബൻ ജി.നാഥ്, ജില്ല പഞ്ചായത്തംഗങ്ങളായ അനിൽ എസ്. കല്ലേലിഭാഗം, വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ തുടങ്ങിയവർ ആദരവ് അർപ്പിച്ചു.
നിര്യാണത്തിൽ അനുശോചനം
കരുനാഗപ്പള്ളി: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായിരുന്ന ആർ. രാമചന്ദ്രന്റെ നിര്യാണത്തിൽ ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ അനുശോചിച്ചു.
സി.പി.ഐയുടെ ജില്ലയിലെ പ്രമുഖനായ നേതാവിന്റെ നിര്യാണം പൊതുരംഗത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി. നാഥ്, ടി.യു.സി.സി ജില്ല സെക്രട്ടറി അജിത് കുരീപ്പുഴ എന്നിവരും അനുശോചിച്ചു.
കൊല്ലം: മുൻ എം.എൽ.എ ആർ. രാമചന്ദ്രന്റെയും എൻ.സി.പി നേതാവ് താമരക്കുളം സലീമിന്റെയും നിര്യാണത്തിൽ ജനതാദൾ (എസ്) നേതാക്കളായ സി.കെ ഗോപി, നുജുമുദീൻ അഹമ്മദ്, പാറക്കൽ നിസാം, മാങ്ങാട് സോമരാജൻ, സൂര്യപിള്ള, സന്തോഷ്, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്. വിജയൻ, കോൺഗ്രസ് (എസ്) ജില്ല പ്രസിഡന്റ് വേങ്ങയിൽ ഷംസ് എന്നിവർ അനുശോചിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.