വികസന പദ്ധതികളിൽ ‘ചങ്ങലവലി’ അവഗണനയുടെ ട്രാക്കിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ
text_fieldsകരുനാഗപ്പള്ളി: അവഗണനയുടെ ട്രാക്കിൽ ഓടുകയാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ. 1921ൽ സ്ഥാപിതമായ സ്റ്റേഷൻ നൂറ്റാണ്ട് പിന്നിട്ടിട്ടും ശൈശവദശയിലാണ്. വികസനപദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ‘ചങ്ങലവലി’ കാരണം മുടങ്ങി പോകുന്നതും പതിവ്.
നിലവിൽ എൻ.എസ്. ജി. 5 കാറ്റഗറിയിലുള്ള റെയിൽവേ സ്റ്റേഷനിൽ 10 കോടി രൂപ വരുമാനവും 20 ലക്ഷം യാത്രക്കാരുമുണ്ട്. പ്രതിദിനം 4864 യാത്രക്കാരും 4000 സീസൺ ടിക്കറ്റ് യാത്രക്കാരും സ്റ്റേഷനെ ഉപയോഗിക്കുന്നു. പ്രധാന സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ്പില്ലെങ്കിലും അഞ്ച് സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള മാവേലിക്കര റെയിൽവേ സ്റ്റേഷനെക്കാൾ വരുമാനമാണ് കരുനാഗപ്പള്ളിയുടേത്. കേരള എക്സ്പ്രസിനും ചെന്നൈ മെയിലിനും സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ ഇരട്ടി വരുമാന വർധനവ് ഉണ്ടാകും. 40 വർഷമായി റെയിൽവേ ആക്ഷൻ കൗൺസിൽ ഇതേ ആവശ്യവുമായി സമരരംഗത്താണ്. 52 ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനിൽ മേൽക്കൂരയില്ലാത്ത പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റ്ഫോമാണുള്ളത്. കാൽനടയാത്രപോലും ദുസ്സഹമായ പ്ലാറ്റ്ഫോമിൽ വീണ് പരിക്കേൽക്കുന്നവർ നിരവധിയാണ്. യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രത്തിലെ ക്ലോസറ്റും ടാപ്പുകളും ഉപയോഗശൂന്യമാണ്. സ്ത്രീകൾക്ക് പ്രത്യേക വിശ്രമ സ്ഥലമില്ല. സ്റ്റേഷന് വടക്കുഭാഗത്ത് ഫെൻസിങ് ഇല്ലാത്തതിനാൽ പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗം രാത്രി മദ്യപന്മാരുടെയും സാമൂഹികവിരുദ്ധരുടെയും താവളമാണ്. ഇതുവഴി റെയിൽവേ ട്രാക്കിലേക്ക് വാഹനം കയറുന്നതും നിത്യസംഭവമാണ്.
സ്റ്റേഷന് മുന്നിലെ അനധികൃത പാർക്കിങ് കാരണം രോഗികളുമായെത്തുന്ന വാഹനങ്ങൾക്കുപോലും ആളെയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു വാഹനം തിരിയാനുള്ള സ്ഥലംപോലും ലഭ്യമല്ല. വിശാലമായ പാർക്കിങ്ങിന് റെയിൽവേയുടെ സ്ഥലമുണ്ടെങ്കിലും മരങ്ങൾ വെട്ടി ഒഴിവാക്കി പാർക്കിങ് സൗകര്യം ഒരുക്കാനും നടപടിയില്ല. ഇതിനുള്ള ടെൻഡർ പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി ആരംഭിച്ചില്ല. രോഗികൾക്കും വയോധികർക്കും ഉപകരിക്കുംവിധം ലിഫ്റ്റ്, എക്സ്കവേറ്റർ സംവിധാനം ആലോചനയിൽ പോലും വന്നിട്ടില്ല.
രാത്രി 10.30 കഴിഞ്ഞാൽ പുലർച്ചെ 2.30നുള്ള അമൃത എക്സ്പ്രസ് മാത്രമാണ് കരുനാഗപ്പള്ളിയിൽ എത്തേണ്ട രാത്രികാല യാത്രികരുടെ ഏക ആശ്രയം. ഇതിന് പരിഹാരമായി കൊച്ചുവേളി-ബാംഗ്ലൂർ, ഗുരുവായൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിനുകള്ക്ക് സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാരുടെ എണ്ണം വർധിക്കുകയും സ്റ്റേഷന്റെ കാറ്റഗറി ഉയർത്തുകയും ചെയ്യാൻ കഴിയും. നിരവധി തീർത്ഥാടന കേന്ദ്രങ്ങളും വ്യാപാര- വ്യവസായ സമുച്ചയങ്ങളും സ്ഥിതിചെയ്യുന്ന കരുനാഗപ്പള്ളിയിൽ ദേശീയപാത നിർമാണം വഴി താളംതെറ്റിയ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ റെയിൽവേ സ്റ്റേഷന്റെ അടിയന്തര വികസനം അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.