മുടന്തി മുടന്തി കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fields
- ഇപ്പോഴും 13 വർഷത്തിലേറെ പഴക്കമുള്ള ബസുകൾ
- 150 ഡ്രൈവർമാർ ആവശ്യമുള്ളപ്പോൾ 135 പേർ മാത്രം
- 10 വർഷത്തിനിടെ പുതിയ ബസ് അനുവദിച്ചിട്ടില്ല
- സ്റ്റേഷൻ പരിസരത്ത് വെള്ളക്കെട്ടും
- ചളിയും അഗാധകുഴികളും
കരുനാഗപ്പള്ളി: റിക്കാർഡ് വരുമാന വർധനവുമായി മികച്ച സർവീസ് നടത്തുന്ന കരുനാഗപ്പള്ളി കെ.എസ്.ആര്.ടി.സി ഡിപ്പോ കടുത്ത അവഗണനയിൽ. 13 വർഷത്തിലേറെ പഴക്കമുള്ള ബസുകളുടെ സർവീസ് കാരണം സ്റ്റേഷന്റെ വരുമാനം പാഴാകുന്നു.
66 സർവീസുകൾക്കായി 77 ബസുകളാണുള്ളത്. നിത്യേന 17000 കിലോമീറ്ററാണ് സര്‍വീസ് നടത്തുന്നത്. 150 ഡ്രൈവർമാർ ആവശ്യമുള്ളപ്പോൾ 135 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. ഓവർഡ്യൂട്ടി ചെയ്താണ് സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്തുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ പുതിയ ബസ് ഡിപ്പോയിലേക്ക് അനുവദിച്ചിട്ടില്ല.
കാലപ്പഴക്കമുള്ള ബസുകൾ കാരണം മിക്കദിവസങ്ങളിലും അറ്റകുറ്റപ്പണിക്കായി വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. 800 കിലോമീറ്റര്‍ സര്‍വീസ് ആണ് ഇതുമൂലം നഷ്ടമാകുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഡിപ്പോയുടെ സ്ഥലങ്ങളിൽ ഏറെയും നഷ്ടമായി. 67 ബസുകൾ ഞെങ്ങിഞെരുങ്ങിയാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. ബസ് സ്റ്റേഷൻ പരിസരം വെള്ളക്കെട്ടും ചളിയും അഗാധകുഴികളും കാരണം ബസുകൾ പാർക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്. ഗാരേജ് സ്ഥിതി ചെയ്യുന്ന സ്ഥലം മുഴുവൻ കാടുപിടിച്ച നിലയിലാണ്. പെരുമ്പാമ്പും അണലിയുമടക്കം ഉഗ്രവിഷമുള്ള പാമ്പുകളുടെ താവളം കൂടിയാണ് ബസ് സ്റ്റാൻഡ് പരിസരം.
ബസിന്റെ അടിയിൽ കിടന്ന് അറ്റകുറ്റപ്പണി ചെയ്ത മെക്കാനിക് പാമ്പിന്റെ കടിയിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്വകാര്യബസുകളുടെ അനധികൃത പാർക്കിങ് കാരണം ദീർഘദൂര ബസുകുൾ സ്റ്റാൻഡിൽ കയറാൻ ബുദ്ധിമുട്ടുകയാണ്. ‘പാർക്കിങ് പാടില്ല’ എന്ന ബോർഡ് സ്ഥാപിച്ചതിന്റെ മുന്നിൽ സ്വകാര്യ ബസുകൾ നിർത്തിയിടുന്നത് കാരണം അപകടവും ഉണ്ടാകുന്നു. ബസ് സ്റ്റേഷന് മുകളിലായി ഒരുനില കൂടി പണിതതോടെ താഴത്തെ നിലയുടെ ഒരു ഭാഗം ഒഴിഞ്ഞു കിടക്കുകയാണ്. കാന്റീൻ പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യവുമുള്ള താഴത്തെനില അതിനായി ടെൻഡർ നടപടി സ്വീകരിച്ചു വിട്ടുനൽകണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. ചുറ്റുമതിൽ ഇല്ലാത്ത തുറസായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റേഷൻ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ്. സംസ്ഥാനത്തെ മികച്ച വരുമാനമുള്ള 10 സ്റ്റേഷനിൽ ഒന്നായ ഇവിടെ ഉയർന്നവരുമാനം ഉണ്ടെങ്കിലും ദുർവ്യയം കാരണം ലാഭത്തിലാക്കാൻ കഴിയുന്നില്ല. ദിനേന എട്ട് മുതൽ ഒമ്പത് ലക്ഷത്തിനിടയിൽ കളക്ഷൻ ഉള്ള ഡിപ്പോയിൽ തിരുവനന്തപുരം-തെങ്കാശി- എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന 17 ഫാസ്റ്റ് പാസഞ്ചുകളുടെ സർവീസും സജീവമായി നടക്കുന്നു.
കരുനാഗപ്പള്ളി- തെങ്കാശി ബസ് റൂട്ട് അടൂർ വഴി എന്നത് പുത്തൂർ വഴി ആക്കണമെന്നുള്ള ആവശ്യവും പരിഗണിച്ചിട്ടില്ല. പോരായ്മകള്‍ പരിഹരിച്ചാല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ബസ് ഡിപ്പോ ആയി കരുനാഗപ്പള്ളി മാറുമെന്നാണ് യാത്രക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.