കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ രാജിയിലേക്ക്
text_fieldsകരുനാഗപ്പള്ളി: നഗരസഭയിലെ ശുചീകരണ തൊഴിലാളിയായ ദലിത് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ അന്വേഷണം നേരിടുന്ന ചെയര്മാന് കോട്ടയില്‍ രാജു രാജിയിലേക്ക്.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ രാജുവിനെതിരെ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ഏരിയ യോഗത്തില്‍ രാജു സ്ഥാനമൊഴിയണം എന്ന പാര്‍ട്ടി തീരുമാനം ജില്ല നേതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരസഭ പാര്‍ലമെന്ററി പാർട്ടി യോഗം ഉടന്‍ ചേരാനും മുന്നണി ധാരണപ്രകാരം അവസാന ഒരുവര്‍ഷം സി.പി.ഐക്ക് ചെയര്മാന് സ്ഥാനവും സി.പി.എമ്മിന് വൈസ് ചെയർപേഴ്സന് സ്ഥാനം നൽകാനും തീരുമാനമായതായും നേതാക്കള്‍ അറിയിച്ചു. നഗരസഭയിലെ ശുചീകരണ കരാര്‍ ജീവനക്കാരി നഗരപിതാവിനെതിരെ പീഡന പരാതി നല്കിയ വിവരം ‘മാധ്യമം’ ദിനപത്രം ആണു ആദ്യം പുറത്തുകൊണ്ടുവന്നത്.
കരുനാഗപ്പള്ളിയില്‍ വിഷയം ചൂടുപിടിച്ചതോടെ നഗരസഭ ചെയര്മാന് സ്ഥാനം സി.പി.ഐക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി.എസ്. സുപാല്‍ എല്‍.ഡി.എഫ് ജില്ല കമ്മിറ്റിക്ക് നല്കിയ കത്തിനെ തുടര്‍ന്നാണ് ചെയര്മാന് സ്ഥാനം സി.പി.ഐക്ക് നല്കാന് തീരുമാനമെടുത്തത്. പീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന ചെയര്‍മാനെ ശിക്ഷ നടപടിയുടെ ഭാഗമായി ഒഴിവാക്കി എന്നതിനുപകരം മുന്നണി ധാരണ അനുസരിച്ച് ചെയര്മാന് സ്ഥാനം സി.പി.ഐക്ക് നല്കുന്നു എന്ന് വരുത്തിതീര്‍ത്തു മുഖം രക്ഷിക്കാനുള്ള തന്ത്രമാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി ജില്ല സെക്രട്ടറി എസ്. സുദേവന്, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ജയമോഹന്, രാധാമണി, സംസ്ഥാന കമ്മിറ്റി അംഗം സൂസന് കോടി എന്നിവരാണ് ഏരിയ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി തീരുമാനം അറിയിച്ചത്.
പീഡനക്കേസിൽ അകപ്പെട്ട രാജുവിന് പകരമായി മറ്റൊരു വനിതയെ ചെയർമാൻ സ്ഥാനത്തേക്ക് നിർദേശിച്ചെങ്കിലും സി.പി.എമ്മിലെ ശക്തമായ ഗ്രൂപ് വൈരം നിമിത്തം ഈ നീക്കവും ഉപേക്ഷിച്ചു. സി.പി.എം നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളിയിലെ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല കമ്മിറ്റി അംഗത്തിന് എതിരായുള്ള സാമ്പത്തിക തിരിമറി സംബന്ധിച്ച പരാതിയും നിയോജകമണ്ഡലത്തിലെ വനിത നേതാവിന്റെ പേരിൽ ഉയർന്ന കായൽ പുറമ്പോക്ക് കൈയേറ്റവുമാണ് പാർട്ടിക്കകത്തെ വിഭാഗീയത ശക്തമാക്കുന്നത്.
പീഡന പരാതിയെ തുടർന്ന് നഗരസഭ ഓഫിസിലേക്ക് പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരങ്ങളുടെ തുടർച്ചയും പാർട്ടിക്കെതിരായി ഉയരുന്ന ആരോപണങ്ങൾക്കും തടയിടാൻ ആണു ചെയർമാനെ മാറ്റാനുള്ള തീരുമാനം എടുത്തത്. ശേഷിക്കുന്ന ഒരു വര്‍ഷം സി.പി.ഐക്ക് ചെയര്മാന് സ്ഥാനം ലഭിക്കുകയാണെങ്കില്‍ പടിപ്പുര ലത്തീഫിനെ ആണ് പരിഗണിക്കാന്‍ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.