കരുനാഗപ്പള്ളി തഴവ ഗവ. കോളജ് പുതിയ കെട്ടിടത്തിലേക്ക്
text_fieldsകരുനാഗപ്പള്ളി: താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച തഴവ ഗവ. കോളജ് സൗകര്യപ്രധമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന് തീരുമാനം. സി.ആർ. മഹേഷ് എം.എൽ.എയുടെ ആവശ്യപ്രകാരം കലക്ടറുടെ ചേംബറിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കെട്ടിടം, വൈ.എം.എം സെൻട്രൽ സ്കൂൾ കെട്ടിടം, ഐ.എച്ച്.ആർ.ഡി കോളജിന് സമീപമുള്ള സ്വകാര്യ കെട്ടിടം എന്നിവടങ്ങളിൽ 19ന് സ്ഥല പരിശോധന നടത്താൻ തീരുമാനിച്ചു. എം.എൽ.എ, കലക്ടർ, കോളജ് പി.ടി.എ, വിദ്യാർഥി പ്രതിനിധികൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധനക്കു ശേഷം 21ന് കലക്ടറുടെ ചേംബറിൽ കോളജ് വികസന സമിതി ചേരാനും അനുയോജ്യമായ കെട്ടിടത്തിൽ കോളജ് പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതിക്കായി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചു. ഏറെക്കാലമായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കോളജ് പ്രവർത്തിച്ചുവരുന്നത്. കെട്ടിടത്തിന് അടിസ്ഥാന സൗകര്യങ്ങളോ കോളജ്തല ക്ലാസ് പ്രവർത്തിപ്പിക്കുന്നതിനോയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാൽ ഒരാഴ്ചക്ക് മുമ്പ് വിദ്യാർഥികൾ സമരത്തിലായിരുന്നു.
വിദ്യാർഥി പ്രതിനിധികളുമായി സി.ആർ. മഹേഷ് എം.എൽ.എ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയും അതിൻപ്രകാരം കലക്ടറുടെ നേതൃത്വത്തിലുള്ള കോളജ് വികസന സമിതി ചേരാൻ തീരുമാനിച്ചിരുന്നു. കോളജിന്റെ പുതിയ കെട്ടിട നിർമാണത്തി നായി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിൽനിന്ന് അഞ്ചേക്കറിലധികം വസ്തു അനുവദിക്കുകയും കെട്ടിട നിർമാണത്തിന് കിഫ്ബിയിൽനിന്ന് അനുമതിയും ലഭിച്ചിരുന്നു. എന്നാൽ, നിരവധിയായ തടസ്സങ്ങൾ കാരണം നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല.
സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നിരന്തരമായി യോഗം ചേരുകയും അതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിർമാണത്തിനുള്ള ഭരണാനുമതി ലഭിക്കുകയും സാങ്കേതിക അനുമതിക്കായി നൽകിയിട്ടുള്ളതുമാണ്. ഉടൻ കെട്ടിട നിർമാണം ആരംഭിക്കാമെന്ന് കിഫ്ബി അഡിഷനൽ ഡയറക്ടർ യോഗത്തിൽ ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.
കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സി.ആർ. മഹേഷ് എം.എൽ.എ, കലക്ടർ ദേവീദാസ്, കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഇന്ദുശ്രീ, അധ്യാപകരായ ഹരികുമാർ, ജയിംസ് വർഗീസ്, ഗിരീഷ്, സൂപ്രണ്ട് അനിൽകുമാർ, പി.ടി.എ ഭാരവാഹികളായ വിപിൻ ബാബു, റാണി സിന്ധു, വിദ്യാർഥി പ്രതിനിധികളായ അനാമിക, ആതിര കൃഷ്ണ, ബിജിത്, ഇർഫാൻ, ഐ.എച്ച്.ആർ.ഡി പോളിടെക്നിക് പ്രിൻസിപ്പൽ അനിൽകുമാർ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, കോളജ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.