കുറങ്ങപ്പള്ളി മൂന്നുകുറ്റി ജങ്ഷൻ; യാഥാർഥ്യമാകുമോ റെയിൽവേ ഗേറ്റ്
text_fieldsകരുനാഗപ്പള്ളി: കുലശേഖരപുരം കുറുങ്ങപ്പള്ളി മൂന്നുകുറ്റി ജങ്ഷനിൽ റെയിൽവേ ഗേറ്റ് സ്ഥാപിക്കണമെന്നുള്ള ആവശ്യം ശക്തമായി. കുലശേഖരപുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയെയും ഓച്ചിറ ചങ്ങൻകുളങ്ങര പ്രദേശങ്ങളെയും തഴവ കുതിരപ്പന്തിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ഇടത്തറ ജങ്ഷൻ-കുതിരപ്പന്തി റോഡ്.
കുറുങ്ങപ്പള്ളി ശ്രീ ഭഗവതി ക്ഷേത്രം, കോളഭാഗത്ത് ജങ്ഷൻ അംഗൻവാടി, കുറങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം, കുറങ്ങപ്പള്ളി വെൽഫെയർ സ്കൂൾ, ബി.ജെ.എസ്.എം മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ, കുതിരപ്പന്തി ചന്ത തുടങ്ങി വിവിധ സ്ഥാപനങ്ങളും സ്ഥലങ്ങളുമായി കുലശേഖരപുരം, ഓച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഇപ്പോൾ മൂന്നുകുറ്റി ജങ്ഷനിൽ ഗതാഗതം അവസാനിക്കുന്ന അവസ്ഥയിലാണ്.
പതിറ്റാണ്ടുകളായി ഗ്രാമവാസികൾ ഇവിടെ റെയിൽവേ ട്രാക്ക് അപകടകരമായ രീതിയിൽ മുറിച്ചുകടന്നാണ് സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്നത്. റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിച്ചതോടെ ഇതുവഴി ഇപ്പോൾ കാൽനട പോലും ദുഷ്കരമാണ്. ആറുമാസം മുമ്പ് ഇവിടെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ, കുറുങ്ങപ്പള്ളി അംബികാ ഭവനിൽ അംബുജാക്ഷി എന്ന തൊഴിലുറപ്പ് തൊഴിലാളി ട്രെയിൻ തട്ടി മരിച്ചിരുന്നു.
സമീപപ്രദേശങ്ങളിലെ ഭൂരിഭാഗം ചെറിയ റോഡുകളിലും റെയിൽവേ ഗേറ്റ് സ്ഥാപിച്ച് റോഡുകൾ വാഹന സഞ്ചാരത്തിന് അനുയോജ്യമാക്കി തീർത്തെങ്കിലും ഈ റോഡിന്റെ കാര്യത്തിൽ ഗുരുതരമായ അനാസ്ഥയാണ് തുടരുന്നത്. കുലശേഖരപുരം കുറുങ്ങപ്പള്ളി, ഓച്ചിറ ചങ്ങൻകുളങ്ങര എന്നീ മേഖലകളുടെ സമഗ്ര വികസനത്തിന് ഇടത്തറ ജങ്ഷൻ-കുതിരപ്പന്തി ജങ്ഷൻ റോഡ് ഗതാഗത യോഗ്യമാക്കേണ്ടത് ആവശ്യമായി തീർന്നിരിക്കുകയാണ്.
പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതങ്ങൾ
റെയിൽവേ ഗേറ്റ് ഇല്ലാത്തതിനാൽ നാട്ടുകാർ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.
കോളഭാഗത്ത് ജങ്ഷൻ അംഗൻവാടിയിൽ നിലവിലുള്ള കുട്ടികളിൽ 60 ശതമാനവും റെയിൽവേ ട്രാക്കിന് കിഴക്കുവശത്തുനിന്നാണ് വന്നുകൊണ്ടിരിക്കുന്നത്. കുട്ടികളെ രക്ഷാകർത്താക്കൾ എടുത്തുകൊണ്ട് രണ്ട് ട്രാക്ക് മുറിച്ചുകടക്കേണ്ടിവരുന്നത് ഏറെ ശ്രമകരവും അത്രതന്നെ അപകടകരവുമാണ്.
കൂടാതെ, കുറുങ്ങപ്പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കുറുങ്ങപ്പള്ളി, കടത്തൂർ, സ്റ്റേഡിയം എന്നീ വാർഡുകളിൽ നിന്നുള്ള രോഗികൾക്ക് പോലും റെയിൽവേ ട്രാക്ക് മുറിച്ചുകടന്ന് കാൽനടയായി വേണം ഇപ്പോൾ സഞ്ചാരം നടത്തേണ്ടത്.
വിഷയം ഗൗരവമായി പരിഗണിക്കണം
തഴവ കുലശേഖരപുരം മേഖലകളിൽ തഴപ്പായ് വ്യവസായം സജീവമായിരുന്ന കാലത്ത് പോലും നിരവധി ഗ്രാമവാസികൾ ആശ്രയിച്ചിരുന്ന റോഡിന് റെയിൽവേ നാളിതുവരെ പരിഗണന നൽകാതിരുന്ന നടപടി പ്രതിഷേധാർഹമാണ്. ആലപ്പുഴയിലെ പാർലമെന്റ് സ്ഥാനാർഥികൾ വിഷയം ഗൗരവമായി പരിഗണിക്കണം.-നെടുംതറയിൽ രാജു (ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം)
ജനകീയ പ്രക്ഷോഭം വരും
കുറുങ്ങപ്പള്ളി, ചങ്ങൻകുളങ്ങര മേഖലകളിലെ ഉൾനാടൻ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് വഴിമുടക്കുന്ന സമീപനമാണ് റേയിൽവേ തുടരുന്നത്. റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും. -രാജിഗോപൻ (ഗ്രാമ പഞ്ചായത്തംഗം കുറുങ്ങപ്പള്ളി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.