ഇൻറർനെറ്റിന്‍റെ അഭാവം; ലേണേഴ്സ് പരീക്ഷ വൈകുന്നതായി പരാതി
text_fieldsകരുനാഗപ്പള്ളി: ജോയൻറ് ആർ.ടി.ഒ ഓഫിസിൽ സ്ഥിരമായി ലേണേഴ്സ് വൈകുന്നതായി പരാതി. രാവിലെ എട്ടിന് തുടങ്ങേണ്ടത് മിക്ക ദിവസങ്ങളിലും പത്തിന് ശേഷമാണ് ആരംഭിക്കുന്നതെന്നും ചില ദിവസങ്ങളിൽ നടക്കാറുമില്ലെന്ന് എഴുതാനെത്തുന്നവർ പറയുന്നു.
ഇൻറർനെറ്റിന്‍റെ അഭാവംമൂലം മിക്ക അപേക്ഷകരും രണ്ടോ മൂന്നോ പ്രാവശ്യം എത്തിയാൽ മാത്രമേ ലേണേഴ്സ് വിജയിച്ച് തിരികെ പോകാൻ കഴിയുകയുള്ളൂ. ഇത് കാരണം വിദ്യാർഥികളടക്കമുള്ളവർ ബുദ്ധിമുട്ട് നേരിടുകയാണ്.
ആർ.ടി.ഒ ഓഫിസിന് മാത്രമായി ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്തതുമൂലമാണ് ലേണേഴ്സിന് താമസം നേരിടുന്നതെന്നും കണക്ഷൻ നൽകുന്ന ഓഫിസ് തുറക്കാൻ വൈകുന്നത് കാരണമാണ് പലപ്പോഴും തടസ്സമാകുന്നതെന്നുമാണ് ആർ.ടി.ഒ ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ ആർ.ടി.ഒ ഓഫിസിലേക്ക് സ്വന്തമായി ഇൻറർനെറ്റ് കണക്ഷൻ എടുക്കുന്നതിനുള്ള ഉത്തരവ് വന്ന് കാലങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ഉദ്യോഗാർഥികളെ വലക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു.
കൂടാതെ ലേണേഴ്സിനെത്തുന്ന അപേക്ഷകരെ ഒന്നിൽ കൂടുതൽ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാൽ മാത്രമേ ചില ഉദ്യോഗസ്ഥർ ലേണേഴ്സിൽ പങ്കെടുപ്പിക്കാറുള്ളൂവെന്ന് അപേക്ഷകർ പരാതിപ്പെടുന്നു.
ആധാർ കാർഡ് കാണിച്ച യുവാവിനെ മടക്കി അയക്കുകയും തിരികെയെത്തി ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം മാത്രമാണ് ലേണേഴ്സിൽ പങ്കെടുപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. ഇത്തരം നടപടികൾ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പതിവാണെന്നും വ്യാപക പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.