കരുനാഗപ്പള്ളി നഗരസഭയിൽ ഏപ്രിൽ മുതൽ പൈപ്പ് ലൈൻ വഴി പാചകവാതകം
text_fieldsകരുനാഗപ്പള്ളി: പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക വിതരണ പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമാകുന്നു. ഏപ്രിൽ ഒന്നുമുതൽ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ജില്ലയിലെ പൈലറ്റ് പദ്ധതിയാണ് കരുനാഗപ്പള്ളി നഗരസഭയിൽ നടപ്പാക്കുന്നത്. പെട്രോളിയം പ്രകൃതി വാതക റഗുലേറ്ററി ബോർഡിന്റെ അംഗീകാരമുള്ള എ.ജി ആൻഡ് പി. പ്രഥമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 31 ജില്ലകളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതിയാണിത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) അംഗീകാരത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നഗരസഭയിലെ 5, 6, 7, 8, 27, 28, 32 ഡിവിഷനുകളിലാണ് ആദ്യഘട്ടം പദ്ധതി തുടങ്ങുക. തുടർന്ന് രണ്ടുവർഷത്തിനകം 35 ഡിവിഷനുകളിലും പാചകവാതക ലൈനുകൾ വ്യാപിപ്പിക്കും. ആദ്യഘട്ടം നാലായിരത്തോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി നടപ്പാക്കുന്ന ഡിവിഷനുകളിലെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾക്കും ഭാഗമാകാനാവും. ഭാവിയിൽ ഗെയിൽ പൈപ്പ് ലൈനുമായി ബന്ധിപ്പിച്ച് ജില്ല മുഴുവനും കണക്ഷൻ നൽകുകയാണ് ലക്ഷ്യം.
കരുനാഗപ്പള്ളിയുടെ തെക്കൻമേഖലയിൽ സ്ഥാപിക്കുന്ന ഡികംപ്രഷൻ യൂനിറ്റിൽനിന്നാകും പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് പാചക വാതകം വിതരണം ചെയ്യുക. ഗുണഭോക്താക്കൾക്ക് എൽ.പി.ജി ഗ്യാസിനെ അപേക്ഷിച്ച് 25 മുതൽ 30 ശതമാനം വരെ സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഗ്യാസ് തീരുമ്പോൾ പുതിയ ബുക്കിങ് നടത്തുകയോ സിലിണ്ടറിനായി കാത്തിരിക്കുകയോ വേണ്ട. വീടുകളിൽ ഘടിപ്പിക്കുന്ന പ്രത്യേക മീറ്ററുകളിലെ റീഡിങ് അനുസരിച്ച് പണമടച്ചാൽ മതി. 6750 രൂപ മാസം 250 രൂപ നിരക്കിൽ തവണകളായി നൽകണം. ഇത് തിരികെ നൽകുന്ന െഡപ്പോസിറ്റ് തുകയായി സൂക്ഷിക്കും.
പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ചവറ കെ.എം.എം.എല്ലിന് സമീപം ലിക്വിഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് പ്ലാന്റ് നിർമിക്കും. കൊച്ചിയിൽനിന്ന് എത്തിക്കുന്ന ലിക്വിഡ് 600 ഇരട്ടി ഗ്യാസാക്കി മാറ്റാനുള്ള സംവിധാനമാകും ഇവിടെ ഉണ്ടാകുക. പ്ലാന്റ് കമീഷൻ ചെയ്യുന്നതോടെ നഗരസഭയിൽ പൂർണമായും പന്മന, ചവറ പഞ്ചായത്തുകളിലും പാചകവാതകം ലഭ്യമാകും.
ഏപ്രിലിൽ നിർമാണം തുടങ്ങുന്ന ആദ്യഘട്ട പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൻ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി. മീന, എൽ. ശ്രീലത, എസ്. ഇന്ദുലേഖ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.