മാളിയേക്കൽ റെയിൽവേ മേൽപാലം നിർമാണം അന്തിമഘട്ടത്തിൽ
text_fieldsകരുനാഗപ്പള്ളി: ശാസ്താംകോട്ട -കരുനാഗപ്പള്ളി റോഡിൽ മാളിയേക്കൽ ലെവൽ ക്രോസിൽ മേൽപാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ലെവൽ ക്രോസിന് സമീപത്തെ പൈലിന്റെയും പൈൽ ക്യാപ്പുകളുടെയും നിർമാണം പൂർത്തിയായി. പിയറും പിയർ ക്യാപ്പുകളുടെ നിർമാണവും നിർമാണ കമ്പനി പൂർത്തിയാക്കി. റെയിൽവേ ലൈന് കുറുകെ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും.
ഇത് റെയിൽവേയുടെ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാകും പൂർത്തിയാക്കുക. ഇവിടെ സ്ഥാപിക്കാനുള്ള ഗർഡറുകൾ റെയിൽവേയുടെ നേതൃത്വത്തിൽ തിരുച്ചിയിൽ നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ പ്രധാന ജോലികളെല്ലാം പൂർത്തിയാകും.
പൈലും പൈൽക്യാപ്പും കഴിഞ്ഞാൽ പാലത്തിന്റെ മുകൾഭാഗത്തെ സ്ലാബുകൾ മാത്രമാണ് കോൺക്രീറ്റിൽ നിർമിക്കുന്നത്. തൂണുകളും ഗർഡറുകളുമെല്ലാം പൂർണമായും സ്റ്റീലിലാണ് നിർമിച്ചിരിക്കുന്നത്. സ്റ്റീലിലുള്ള ഭാഗങ്ങളുടെ നിർമാണം ഏറ്റെടുത്ത കമ്പനിയുടെ തമിഴ്നാട്ടിലെ യാർഡിൽ നിർമിച്ച് ഇവെടെയെത്തിച്ച് ഉറപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് സ്റ്റീൽ കോമ്പോസിറ്റ് സ്ട്രച്ചറിൽ നിർമിക്കുന്ന ആദ്യമേൽപാലങ്ങളിലൊന്നാണിത്. സ്റ്റീലിൽ നിർമിച്ച തൂണുകൾക്ക് മുകളിൽ കഴിഞ്ഞ ജൂൺ അവസാനമാണ് സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങിയത്. ഓരോ തൂണിലും നാലുവീതം ഗർഡറുകളാണുള്ളത്. ഇവയ്ക്ക് മുകളിലാണ് സ്ലാബുകൾ നിർമിക്കുന്നത്.
സ്ലാബുകൾക്ക് മുകളിലായുള്ള റോഡിന്റെ നിർമാണവും ഉടൻ പൂർത്തിയാകും. റോഡിന്റെ ഇരുവശവും കൈവരിയും നിർമിക്കും. ഇതേരീതിയിൽ പാലത്തിന്റെ കിഴക്കുഭാഗത്തും സ്ലാബുകളുടെ നിർമാണം ഉടൻ പൂർത്തിയാകും. മുൻ എം.എൽ.എ ആയിരുന്ന ആർ. രാമചന്ദ്രന്റെ ശ്രമഫലമായാണ് മാളിയേക്കൽ മേൽപാലം അനുവദിച്ചത്.
44 ഭൂവുടമകളിൽ നിന്നാണ് സ്ഥലമേറ്റെടുത്തത്. മാളിയേക്കൽ മേൽപാലം ഉൾപ്പെടെ പത്തെണ്ണം ഒരുമിച്ച് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡിസൈൻ ബിൽഡ് ട്രാൻസ്ഫർ വ്യവസ്ഥയിലാണ് ടെൻഡർ ചെയ്തത്. എസ്.പി.എൽ ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലത്തിന്റെ നിർമാണം ഏറ്റെടുത്തത്. 2021 ജനുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു.
റിറ്റ്സ് എന്ന കമ്പനിയെയാണ് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി കിഫ്ബി വഴി ചുമതലപ്പെടുത്തിയിട്ടുള്ളത്. 33.04 കോടി രൂപാ ചെലവിലാണ് പാലം നിർമിക്കുന്നത്. 547 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമാണ് പാലത്തിന് ഉണ്ടാകുക. പാലത്തിന് പുറമേ ഇരുവശത്തും സർവീസ് റോഡുകളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.