യാത്രക്കാരായെത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന; പിഴ ഈടാക്കി
text_fieldsകരുനാഗപ്പള്ളി: യാത്രക്കാരായെത്തി ഓട്ടോറിക്ഷകളിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. കരുനാഗപ്പള്ളി താലൂക്കിലെ മുനിസിപ്പൽ പരിധിയിലുള്ള ഓട്ടോ സ്റ്റാൻഡുകളിലാണ് മഫ്തിയിലെത്തി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പരിരോധന നടത്തിയത്. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചു കൊണ്ടുപോയാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് ഓട്ടോകളിൽ ഫെയർ മീറ്ററുകൾ പ്രവർത്തിക്കാതെ യാത്രക്കാരിൽ നിന്നും അമിത ചാർജ് ഈടാക്കുകയും പുതുക്കി നിശ്ചയിച്ച ഫെയർ ചാർജുകൾ അനുസരിച്ച് ഫെയർ മീറ്റർ സീൽ ചെയ്യാതെ ഓട്ടോകൾ സർവിസ് നടത്തുന്നതായും ലഭിച്ച വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് 'ഓപറേഷൻ ഫെയർ' എന്ന പേരിൽ മിന്നൽ പരിശോധന നടത്തിയത്. ട്രാൻസ്പോർട്ട് കമീഷണർ നൽകിയ പ്രത്യേക നിർദേശ പ്രകാരമായിരുന്നു പരിശോധന.
ഓട്ടം വിളിച്ച ഭൂരിഭാഗം ഓട്ടോകളുടെയും ഫെയർ മീറ്ററുകൾ പ്രവർത്തനരഹിതവും കണക്ഷൻ വിച്ഛേദിക്കപ്പെട്ട നിലയിലുമായിരുന്നു. പ്രവർത്തനക്ഷമമായ ഫെയർ മീറ്ററുകൾ ഉപയോഗിക്കാറുമില്ല. ഒരേ സ്ഥലത്തേക്ക് വിവിധ ഓട്ടോകൾ വാങ്ങുന്നത് പല രീതിയിലുള്ള ചാർജുകൾ. പരിശോധനയിൽ ഇത്തരത്തിൽ കുറ്റം ചെയ്ത 25ഓളം ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കുകയും പിഴ അടപ്പിക്കുകയും ചെയ്തു.
കേസ് എടുത്തശേഷം മീറ്ററുകൾ നിയമാനുസൃതം സീൽ ചെയ്യാനും യാത്രാനിരക്കുകൾ യാത്രക്കാർക്ക് കാണത്തക്ക വിധം പ്രദർശിപ്പിക്കാനും രേഖാമൂലം നിർദേശം നൽകിയശേഷം വാഹനങ്ങൾ വിട്ടയച്ചു. തുടർന്നും ഇത്തരത്തിൽ പരിശോധന ഉണ്ടാകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജയചന്ദ്രനും ബേബിജോണും അറിയിച്ചു. വാഹന പരിശോധനയിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഹരികുമാർ, അജയകുമാർ, ഡ്രൈവർ സൈജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.