മയക്കുമരുന്നുമായി വന്ന കൊലക്കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു
text_fieldsകരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടുന്നതിനിടയിൽ കൊലക്കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നന്റെ നിർദേശാനുസരണം പട്രോളിങ് ഡ്യൂട്ടി നടത്തുകയായിരുന്ന കരുനാഗപ്പള്ളി റെയിഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാലിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനെയാണ് പ്രതി ആക്രമിച്ചത്. വവ്വാക്കാവ്, വള്ളിക്കാവ് റോഡിൽ കോളഭാഗത്ത് മുക്കിൽ പ്രവർത്തിക്കുന്ന ബിയർ പാർലർ കോമ്പൗണ്ടിനുള്ളിൽ എം.ഡി.എം.എയുമായി പിടികൂടിയ ആദിനാട് തെക്ക് വെള്ളിത്തേരിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ഷഹീൻഷ (29) ആണ് രക്ഷപ്പെട്ടത്. പ്രതി കുലശേഖരപുരം നീലികുളം ഭാഗത്ത് 2019ൽ നടന്ന കൊലക്കേസിൽ രണ്ടാംപ്രതിയാണ്.
എം.ഡി.എം.എയുടെ മൊത്തവിതരണ കച്ചവടക്കാരനായ പ്രതി കോള ഭാഗത്ത് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിവരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിടികൂടുന്നതിനിടയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ വിജിലാൽ ആക്രമിക്കുകയായിരുന്നു.
പിന്തുടർന്ന സിവിൽ എക്സൈസ് ഓഫിസർ ഹരിപ്രസാദിന്റെ നെഞ്ചിൽ ശക്തമായി ഇടിച്ചും ചവിട്ടിയും പരിക്കേൽപിച്ച ശേഷം മതിൽ ചാടി രക്ഷപ്പെട്ടു. പ്രതിയുടെ കൈയിൽനിന്നും ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്നും 490 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. സിവിൽ എക്സൈസ് ഓഫിസർമാരായ സുധീർ ബാബു, കിഷോർ, ഹരിപ്രസാദ്, റാസ്മിയ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.