ദേശീയപാതവികസനം; ചവറ ബസ് സ്റ്റാൻഡ് വിസ്മൃതിയിലേക്ക്
text_fieldsകരുനാഗപ്പള്ളി: അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ചവറ ബസ് സ്റ്റാൻഡ് വിസ്മൃതിയിലേക്ക്. ദേശീയപാതവികസനം നിമിത്തമാണ് നൂറിലേറെ വ്യാപാര സ്ഥാപനങ്ങളുള്ളതും ചവറ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനകേന്ദ്രവുമായ ചവറയിലെ ബസ് സ്റ്റാൻഡ് ഇല്ലാതാകുന്നത്. ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരശാലകൾ പൂര്‍ണമായും ഈ സ്റ്റാന്‍ഡിനെ ആശ്രയിച്ചാണുള്ളത്. സ്റ്റാൻഡ് ഇല്ലാതാകുന്നതോടെ 125 ഓട്ടോ-ടാക്സി തൊഴിലാളികളുടെയും നിത്യജീവിതം ഏറെ ദുസ്സഹമാകും. ദേശീയപാതവികസനത്തിനായി ബസ് സ്റ്റാൻഡിന്റെ ഭൂരിഭാഗം സ്ഥലവും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. ചവറപാലത്തിന്റെ നിർമാണം ആരംഭിക്കുന്നതോടെ ബസുകൾ പൂർണമായും സ്റ്റാൻഡിൽനിന്ന് ഒഴിവാക്കേണ്ടിവരും.
ചവറ-പന്തളം, ചവറ-ഇളമ്പള്ളൂർ, ചവറ-കൊട്ടിയം റൂട്ടുകളിലായി 85 ഓളം ബസുകളാണ് ചവറ സ്റ്റാൻഡിലേക്ക് നിത്യവും എത്തുന്നത്. കൂടാതെ കരുനാഗപ്പള്ളി-കായംകുളം ഡിപ്പോകളിലെ കെ.എസ്.ആർ.ടി.സി ബസുകളും നിത്യേന ചവറയിൽ എത്തുന്നുണ്ട്. ചവറ നിവാസികള്‍ക്കും വിദ്യാർഥികള്‍ക്കും കൊല്ലത്തെത്താന്‍ ഓരോ 10 മിനിറ്റ് ഇടവേളകളില്‍ സ്റ്റാന്‍ഡിൽനിന്ന് ബസ് ലഭിക്കുമായിരുന്നു. ചവറ ബസ് സ്റ്റാൻഡ് ശങ്കരമംഗലത്തേക്ക് മാറ്റിയാൽ ചവറയിലെ വ്യാപാരസമുച്ചയങ്ങൾ മുഴുവൻ അടച്ചുപൂട്ടുന്ന സ്ഥിതി വരുമെന്നും ഒ.എൻ.വി റോഡിലുള്ള പബ്ലിക് മാർക്കറ്റ് സ്ഥലം ബസ് സ്റ്റാൻഡിനായി കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊറ്റംകുളങ്ങര ജങ്ഷനിലുള്ള ദേശീയപാതയുടെ പുറമ്പോക്ക് ഭൂമി ബസ് ബേക്കായി നൽകണമെന്നും നാഷനൽ ഹൈവേ അതോറിറ്റിയിൽ ഇതിനായി ശക്തമായ സമ്മർദം ചെലുത്തണമെന്നും സാമൂഹികപ്രവര്‍ത്തകനായ ചവറ ഷാ താലൂക്കുസഭയില് ആവശ്യം ഉന്നയിച്ചു. ചവറ ബസ് സ്റ്റാൻഡ് എന്ത് വിലകൊടുത്തും നിലനിർത്തണമെന്നും ഇതിനായി പഞ്ചായത്ത് കമ്മിറ്റി ദേശീയപാത അതോറിറ്റിക്കും കേന്ദ്ര-സംസ്ഥാന സർക്കാറിനും സ്ഥലം എം.പിക്കും എം.എൽ.എക്കും നിവേദനം സമർപ്പിച്ച് തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു.
ചവറ മാർക്കറ്റിലെ 25 സെന്റോളം സ്ഥലം സ്റ്റാൻഡിനായി വിട്ടുനല്‍കിയും പാലത്തിനായുള്ള സ്പാനുകൾ പില്ലറുകൾ ആക്കിയും ബോട്ട് ജെട്ടി റോഡിൽ വെറുതെ കിടക്കുന്ന സ്ഥലം ബസ് പാർക്കിങ്ങിനായി വിട്ടുനൽകാനുള്ള നടപടി സ്വീകരിച്ചും സ്റ്റാൻഡ് നിലനിർത്താൻ കഴിയുമെന്നാണ് ചവറനിവാസികളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.