ദേശീയപാത വികസനം: സംയുക്ത പരിശോധന
text_fieldsകരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള കുടിവെള്ള പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതിനും കരുനാഗപ്പള്ളി നഗരസഭയുടെ അമൃത് കുടിവെള്ള വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി പന്മന കോലത്ത് മുക്കിൽ നിന്ന് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ചും സി.ആർ. മഹേഷ് എം.എൽ.എയുടെയും നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിന്റെയും നേതൃത്വത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.
ശാസ്താംകോട്ട ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് നിലവിലുള്ള പൈപ്പ് വഴി പന്മന കോലത്ത് മുക്കിൽ എത്തുന്ന കുടിവെള്ള പൈപ്പ് ലൈനിന്റെ തുടർച്ചയായി ദേശീയപാതയുടെ വലതുഭാഗത്ത് കൂടി കരുനാഗപ്പള്ളി വരെ പുതിയതായി 500 എം.എം അളവിൽ ഡി.ഐ പൈപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നത്. കോലത്ത് മുക്കിൽനിന്ന് കരുനാഗപ്പള്ളി വരെ ദേശീയപാതയുടെ വലതുഭാഗത്ത് കൂടി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിനും സ്ഥലം കുറവുള്ള ഭാഗങ്ങളിൽ സർവിസ് റോഡിൽ ഡെപ്റ്റ് നിർമിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുമുള്ള നിർദേശം പരിശോധിച്ചു.
കരുനാഗപ്പള്ളി അമൃത് കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിന് ജലവിഭവ മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി ചേരുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. ദേശീയപാത വിഭാഗം ഡെപ്യൂട്ടി മാനേജർ ഭരത്, വിശ്വസമുദ്ര എ.ജി.എം അനിൽകുമാർ, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഷിറാസ്, അസിസ്റ്റന്റ് എൻജിനീയർമാരായ ശ്രീകുമാർ, ഷീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.