ദേശീയപാത വികസനം; സിവിൽ സ്റ്റേഷനിലെ ഓഫിസുകൾ മാറ്റിസ്ഥാപിക്കില്ല
text_fieldsകരുനാഗപ്പള്ളി: ദേശീയപാത വികസന ഭാഗമായി കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന്റെ ഒരുഭാഗം പൊളിച്ചുനീക്കുന്നതോടെ മാറ്റിസ്ഥാപിക്കേണ്ടി വരുന്ന വിവിധ ഓഫിസുകൾ സിവിൽ സ്റ്റേഷനിൽ തന്നെ തുടരാൻ ധാരണയായി.
താലൂക്ക് ഓഫിസിലെ കെട്ടിടനികുതി വിഭാഗം, റവന്യൂ റിക്കവറി വിഭാഗം, ജോയൻറ് ആർ.ടി ഓഫിസ്, കയർ ഇൻസ്പെക്ടർ ഓഫിസ്, ജി.എസ്.ടി ഓഫിസ്, റീസർവേ സൂപ്രണ്ട് ഓഫിസുകളാണ് സിവിൽ സ്റ്റേഷന്റെ ഒരുഭാഗം പൊളിച്ചുനീക്കുന്നതോടെ മാറ്റേണ്ട സാഹചര്യമുണ്ടായത്.
ഇതിൽ പല ഓഫിസുകളും പുറത്ത് സ്വകാര്യ കെട്ടിടങ്ങളിൽ വാടകക്ക് പ്രവർത്തിപ്പിക്കാൻ പരിശ്രമം നടത്തിയെങ്കിലും ടൗണിനോട് ചേർന്നുള്ള കെട്ടിടങ്ങളുടെ ഉയർന്ന വാടക നിരക്ക് കാരണം വിജയിച്ചില്ല.
ഈ സാഹചര്യത്തിൽ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയതിനുശേഷം ശേഷിക്കുന്ന സ്ഥലത്ത് ഓഫിസുകൾ പ്രവർത്തിപ്പിക്കാനാണ് ഇപ്പോൾ ധാരണയായത്. ഇത് കൂടാതെ നിലവിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവ ഹൈസ്കൂൾ ജങ്ഷന് കിഴക്കുഭാഗത്തുള്ള കെട്ടിടത്തിലേക്ക് ഉടൻ പ്രവർത്തനം മാറ്റും.
ഇതോടെ കോടതി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിടഭാഗങ്ങൾ ഒഴിവുവരും. ഈ സ്ഥലംകൂടി ഉപയോഗപ്പെടുത്തി നിലവിലെ ഓഫിസുകൾ സിവിൽ സ്റ്റേഷനിൽ തന്നെ നിലനിർത്താനാണ് ആലോചിക്കുന്നത്.
സിവിൽ സ്റ്റേഷന്റെ ഒരുഭാഗം പൊളിച്ചുനീക്കിയതിനുശേഷം ബാക്കിയുള്ള ഭാഗം കെട്ടിമറച്ച് സൗകര്യപ്രദമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടുകൂടി സിവിൽ സ്റ്റേഷന്റെ ഒരുഭാഗം പൊളിച്ചുനീക്കുന്ന നടപടികൾ ആരംഭിക്കും.
ഇതിനിടെ കരുനാഗപ്പള്ളി നഗരസഭ 13ാം ഡിവിഷനിലെ കെ.ഐ.പി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് സിവിൽ സ്റ്റേഷൻ അനക്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കലക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകുന്നതോടെ കുറേ ഓഫിസുകളുടെ പ്രവർത്തനം സിവിൽ സ്റ്റേഷൻ അനക്സിലേക്ക് മാറ്റാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.