ദേശീയപാത സർവിസ് റോഡ്; പ്രവൃത്തി ഒരുമാസത്തിനകം പൂർത്തിയാക്കും
text_fieldsകരുനാഗപ്പള്ളി: ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടക്കാനും സർവിസ് റോഡുകളുടെ നിർമാണം ഒരു മാസത്തിനകം പൂർത്തീകരിക്കാനും ധാരണയായതായി കെ.സി. വേണുഗോപാൽ എം.പി.
എം.പിയുടെ നിര്‍ദേശാനുസരണം കലക്ടര്‍ വിളിച്ചു ചേര്‍ത്ത ദേശീയപാത അതോറിറ്റി, വിശ്വ സമുദ്ര കമ്പനി, വിവിധ വകുപ്പ് മേധാവി എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
കരുനാഗപ്പള്ളിയിലെ ഫ്ലൈ ഓവറിന്റെ നീളം വർധിപ്പിക്കാനും സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള റവന്യൂ, ജലസേചന, വൈദ്യുതി, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി ദേശീയപാതയുടെ നിർമാണം അനന്തമായി നീളുന്നത് അവസാനിപ്പിക്കാനുമുള്ള നടപടി സ്വീകരിക്കാനും കലക്ടറെ യോഗം ചുമതലപ്പെടുത്തി.
വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. ഇതിനു അടിയന്തരമായി പരിഹാരം വേണമെന്ന് കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കാനുള്ള ഒരു ശ്രമവും ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് സി.ആര്. മഹേഷ് എം.എൽ.എ ആരോപിച്ചു. മഴക്കാലത്ത് വീടുകൾ മുഴുവൻ വെള്ളത്തിനടിയിലാകുന്ന സ്ഥിതിക്ക് അടിയന്തര പരിഹാരം വേണമെന്നും ഓപണ്‍ ഫ്ലൈ ഓവറിന്റെ നീളം വര്‍ധിപ്പിക്കണമെന്നും പഴയ ദേശീയപാതയിലെ കുഴികള്‍ അടിയന്തരമായി അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാതാ നിർമാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക യോഗങ്ങൾ സമയബന്ധിതമായി കൂടാനും ധാരണയായി.
ദേശീയപാതയിലേക്ക് ഒഴുകി വരുന്ന വെള്ളവും മഴയില്‍ റോഡില്കെട്ടി നില്ക്കുന്ന വെള്ളവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രത്യേക ഡ്രെയിനേജ് സംവിധാനം ഏര്‍പ്പെടുത്തി ഒഴുക്കി വിടുമെന്ന് ദേശീയപാത അതോറിറ്റി എന്‍ജിനീയര്‍ ബിപിന്‍ മണി യോഗത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.