ദേശീയപാത വികസനം: കരുനാഗപ്പള്ളിയിലെ ഡിസൈൻ മാറ്റ ആവശ്യം പരിശോധിക്കും -മന്ത്രി
text_fieldsകരുനാഗപ്പള്ളി: ദേശീയപാത വികസിപ്പിക്കുമ്പോൾ കരുനാഗപ്പള്ളി നഗരത്തിലെ ഡിസൈൻ മാറ്റണമെന്ന ആവശ്യത്തിൽ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി അധികൃതരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. നഗരഹൃദയത്തെ തകർക്കുന്ന വന്മതിൽ ഒഴിവാക്കി ഓപൺ ഫ്ലൈ ഓവർ വേണമെന്ന് ആവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ജനങ്ങൾക്കും വാഹനങ്ങൾക്കും കടന്നുപോകാനാകും വിധം ഡിസൈൻ മാറ്റണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും സ്‌കൂളുകളും തകർക്കുന്നതാണ് എലിവേറ്റഡ് ഹൈവേ. ദേശീയപാത വികസനത്തിന് തടസ്സമാകാതെ, കാലതാമസവും അധിക സാമ്പത്തിക ബാധ്യതയില്ലാത്തതുമായ ഓപൺ ഫ്ലൈ ഓവർ എളുപ്പം നിർമിക്കാവുന്നതാണ്.
കടയുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കണമെന്നും വാടകക്കാരായ വ്യാപാരികളുടെയും തൊഴിലാളികളുടെയും പുനരധിവാസ പദ്ധതി വേഗം പൂർത്തിയാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
മഹേഷ് ആവശ്യപ്പെട്ടതനുസരിച്ച്, ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ പാത വികസന പദ്ധതി അവാർഡ് ചെയ്തുകഴിഞ്ഞതിനാലും കരാറുകാരൻ പണിക്കുള്ള ഒരുക്കങ്ങൾ നടത്തിയതിനാലും ഡിസൈനിൽ മാറ്റംവരുത്തുന്നത് അഭികാമ്യമല്ലെന്നാണ് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി ജങ്ഷനിൽ 30 മീറ്റർ നീളമുള്ള രണ്ട് സ്പാനോട് കൂടിയ ഫ്ലൈ ഓവർ നിർമിക്കുമെന്നും അറിയിച്ചു. ഇക്കാര്യത്തിൽ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കാനാകുമോ എന്ന കാര്യം പരിശോധിക്കും. ഭൂമി നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് 2013 ലെ നിയമപ്രകാരം നഷ്ടപരിഹാരം നൽകും. ഇതേ നിയമപ്രകാരം പുനരധിവാസം നടപ്പാക്കുമെന്നും ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.