വാട്ടർ അതോറിറ്റിക്ക് മൗനം; തകർന്നുവീഴാനൊരുങ്ങി പണിക്കർകടവ് ഇരുമ്പുപാലം
text_fieldsകരുനാഗപ്പള്ളി: ദേശീയ ജലപാതയായ ടി.എസ് കനാലിനുകുറുകെ പണിക്കർകടവ് പാലത്തിന് സമാന്തരമായി നിര്‍മിച്ച ഇരുമ്പുപാലം തകര്‍ച്ചയുടെ വക്കില്‍. സൂനാമി ദുരന്തത്തെതുടര്‍ന്ന് നടപ്പാക്കിയ ഓച്ചിറ കുടിവെള്ളപദ്ധതിയുടെ ഭാഗമായി ആലപ്പാട് പഞ്ചായത്തിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് സ്ഥാപിച്ച ഇരുമ്പ് കേഡർ പാലത്തിന്റെ ഇരുമ്പ് ഗ്രില്ലുകള്‍ തുരുമ്പിച്ചും തൂണുകള്‍ ദ്രവിച്ചും ഏതുസമയത്തും കനാലിലേക്ക് പതിക്കാം.
2017ല്‍ ചവറ കെ.എം.എം.എല്ലിനുസമീപം കോവിൽതോട്ടത്ത് ടി.എസ് കനാലിനു കുറുകെയുണ്ടായിരുന്ന ഉരുക്ക് നടപ്പാലം തകർന്ന് മൂന്നുപേർ മരിക്കുകയും ഇരുപതിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരുമാസം മുമ്പാണ് കൂറ്റന്‍ പൈപ്പിനൊപ്പം ഇരുമ്പുപാലവും തകര്‍ന്നുവീണത്. വന്‍ അപകടം ഒഴിവായെങ്കിലും അഞ്ചുലക്ഷത്തോളം ആളുകളുടെ കുടിവെള്ളം 15 ദിവസത്തോളം മുടങ്ങി. കുടിവെള്ളം എടുക്കാന്‍ വള്ളത്തില്‍ പോയ ഒരു വീട്ടമ്മ മരണപ്പെടുകയും ചെയ്തു.
വിനോദസഞ്ചാരികളും മത്സ്യബന്ധന ബോട്ടുകളും യാനങ്ങളും സര്‍വിസ് നടത്തുന്ന ഇവിടെ അപകടസാധ്യത തുടരുകയാണ്. മീന്‍പിടിത്തവള്ളങ്ങള്‍ മിക്കതും പാലത്തിനടിയിലൂടെയാണ് സഞ്ചരിക്കുന്നത്. ജീവൻ പണയംവെച്ചാണ് നിത്യവും ഇതുവഴി കടന്നുപോകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പൈപ്പ് ലൈൻ തകരാറായതുകാരണം ആലപ്പാട് പ്രദേശത്തേക്കുള്ള കുടിവെള്ളപൈപ്പുകളിൽ മർദം കുറവാണ്. തുരുമ്പിച്ച ഭാഗത്തുകൂടി വൻതോതിൽ ജലം പാഴായിക്കൊണ്ടിരിക്കുന്നു.
പാലത്തിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് ജനപ്രധിനിധികളും സന്നദ്ധസംഘടനകളും ഒട്ടേറെ നാളായി പരാതികള്‍ സമര്‍പ്പിച്ചെങ്കിലും ജല അതോറിറ്റി വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടില്ല. സ്ഥലം എം.എല്‍.എ സി.ആര്. മഹേഷ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചീഫ് എൻജിനീയര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും പരിഹാരമായില്ല.
അപകടാവസ്ഥയിലായ ഇരുമ്പ് കേഡർപാലം പൊളിച്ചുനീക്കി അപകടം ഒഴിവാക്കാൻ നടപടി വേണമെന്ന് പ്രസിഡൻറ് മുനമ്പത്ത് ഷിഹാബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.